മുംബൈ: ഭീമ-കൊരേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ വെർണൻ ഗോൺസാൽവസ് വിശ്വസാഹിത്യത്തിലെ ക്ലാസിക് കൃതിയായ യുദ്ധവും സമാധാനവും വീട്ടിൽ സൂക്ഷിച്ചതെന്തിനെന്ന് കോടതിയുടെ ചോദ്യം. ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതി ലിയോ ടോൾസ്റ്റോയിയുടെ കൃതി വീട്ടിൽ സൂക്ഷിച്ചതിന്റെ കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ടത്. ഇതോടൊപ്പം ഗോൺസാൽവസിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ സിഡികളുടെ ഉള്ളടക്കം സംബന്ധിച്ചും കോടതി ആരാഞ്ഞു.

"പുസ്‌തകത്തിന്റെയും സിഡികളുടെയും സ്വഭാവം സൂചിപ്പിക്കുന്നത് നിങ്ങൾ നിരോധിത സംഘടനയുടെ ഭാഗമാണെന്നാണ്. എന്തുകൊണ്ടാണ് നിങ്ങളിവ വീട്ടിൽ സൂക്ഷിച്ചത്?" ജസ്റ്റിസ് സാരംഗ് കോട്‌വാൾ ചോദിച്ചു. എന്നാൽ പുസ്‌തകങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ഒരാളെ തീവ്രവാദിയാക്കില്ലെന്ന മറുപടിയാണ് ഗോൺസാൽവസിന്റെ അഭിഭാഷകൻ നൽകിയത്.

ഇന്നലെ വെർണൻ ഗോൺസാൽവാസിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രൊസിക്യുഷന് സാധിച്ചിരുന്നില്ല. യുഎപിഎ കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഗോൺസാൽവസിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിലെ തെളിവുകൾ എവിടെയെന്ന് കോടതി ചോദിച്ചു. ഇവ ഫോറെൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും പബ്ലിക് പ്രൊസിക്യുട്ടർ മറുപടി നൽകി. ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതിൽ നിന്ന് ഗോൺസാൽവസിനെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

"മറ്റൊരാളുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയ കത്ത് വിശ്വാസത്തിലെടുത്ത നിങ്ങൾക്ക് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ സാധനങ്ങൾ തെളിവായി കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ സാധിച്ചില്ലേ"യെന്ന് കോടതി ചോദിച്ചു. വീട്ടിൽ നിന്ന് കണ്ടെത്തിയ സിഡികളെ കുറിച്ച് കുറ്റപത്രത്തിൽ വ്യക്തമാക്കാത്തത് കൊണ്ടായിരുന്നു ഈ ചോദ്യം. സിഡികളുടെ ഉള്ളടക്കം എന്താണെന്നും ഇത് കുറ്റപത്രത്തിൽ രേഖപ്പെടുത്തണമെന്നും കോടതി പ്രൊസിക്യുഷനോട് ആവശ്യപ്പെട്ടു. 

ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നിന്ന് മാർക്സിസ്റ്റ് ആർകൈവ്സ് എന്ന പുസ്തകം, ആനന്ദ് പട്‌വർദ്ധൻ തയ്യാറാക്കിയ ജയ് ഭീം കോമ്രേഡ് എന്ന ഡോക്യുമെന്ററിയുടെ സിഡി, കബിർ കല മഞ്ചിന്റെ രാജ്യ ദമൻ വിരോധി എന്ന സിഡി, ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന പുസ്തകം ഇവയാണ് പൊലീസ് പിടിച്ചെടുത്തതെന്ന് പബ്ലിക് പ്രൊസിക്യുട്ടർ കോടതിക്ക് മറുപടി നൽകി. ഈ ഘട്ടത്തിലായിരുന്നു ഇവ വീട്ടിൽ സൂക്ഷിച്ചതിന്റെ കാരണം വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.