ചെന്നൈ: ബിഗ് ബോസ് മൂന്ന് തമിഴ് പതിപ്പില്‍ താരത്തിന്‍റെ തുറന്ന് പറച്ചില്‍ വിവാദമാകുന്നു. നടന്‍ ശരവണനാണ്  കോളേജില്‍ പഠിക്കുന്ന കാലത്ത് തിരക്കേറിയ ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്ന തുറന്ന് പറച്ചിലാണ് വിവാദമായത്. അവതാരകനായ കമല്‍ഹാസന്‍ പൊതുബസില്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള ബുദ്ധിമുട്ടുകള്‍ പറയുന്നതിടെയായിരുന്നു ശരവണന്‍റെ തുറന്ന് പറച്ചില്‍. 

ബസില്‍ പൊകുന്നത് വലിയ ബുദ്ധിമുട്ടാണ്. എല്ലാവരും കൃത്യസമയത്ത് എത്താന്‍ തിരക്കു കൂട്ടും. അതിനിടെ സ്ത്രീകളെ ശല്യം ചെയ്യുന്നവരുമുണ്ട്-കമല്‍ഹാസന്‍ പറഞ്ഞു. ഇതിനിടെയാണ് ശരവണന്‍ ഇടപെട്ടത്. കോളേജ് പഠനകാലത്ത് താനും പതിവായി സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണന്‍ പറഞ്ഞത്. കമല്‍ഹാസന്‍ ഇയാളുടെ തുറന്നുപറച്ചിലിനെ എതിര്‍ക്കാത്തതും വിമര്‍ശന വിധേയമായി.

നടനെതിരെയും കമല്‍ഹാസനെതിരെയും വ്യാപകമായ വിമര്‍ശനമാണ് ട്വിറ്ററില്‍ ഉയരുന്നത്. ഗായിക ചിന്മയി ശ്രീപദയാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. 'ഒരുചാനലില്‍ ഒരുമനുഷ്യന്‍ സ്ത്രീകളെ അപമാനിച്ചത് വലിയ അഭിമാനത്തോടെ പറയുന്നു. സ്ത്രീകളടക്കമുള്ളവര്‍ ഇതിന് കൈയടിക്കുന്നുണ്ട്.'-ചിന്മയി ട്വിറ്ററില്‍ കുറിച്ചു. 

 

https://twitter.com/pudiharicharan/status/1155327983168585729