ഉത്തർദിനാജ്പൂരിൽ കേസന്വേഷണത്തിന്റെ ഭാ​ഗമായി നടത്തിയ റെ‍യിഡിനിടെയാണ് ഇദ്ദേഹത്തെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്.  

പട്ന: പശ്ചിമബം​ഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ബീഹാർ പൊലീസ് ഉദ്യോ​ഗസ്ഥൻ അശ്വനികുമാറിന്റെ അമ്മ മരിച്ചു. മകൻ മരിച്ചതറിഞ്ഞ ഷോക്കിലായിരുന്നു ഇവരുടെ മരണം. പൂർണ്ണിയ ജില്ലയിലെ ​ഗ്രാമത്തിൽ ഇരുവരുടെയും ശവസംസ്കാരം നടത്തി. കൃഷ്ണ​ഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്നു അശ്വിനി കുമാർ. ഉത്തർദിനാജ്പൂരിൽ കേസന്വേഷണത്തിന്റെ ഭാ​ഗമായി നടത്തിയ റെ‍യിഡിനിടെയാണ് ഇദ്ദേഹത്തെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. 

മോട്ടോർസൈക്കിൾ മോഷണക്കേസുമായി അന്വേഷിക്കുന്നതിന് വേണ്ടിയാണ് അശ്വിനി കുമാറും ഏഴ് പോലീസുകാരും ഇവിടെയെത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അപ്രതീക്ഷിത ആൾക്കൂട്ട ആക്രമണം ഉണ്ടായതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന പൊലീസുകാർ ഓടിരക്ഷപ്പെട്ടു. ഇവരെ ജോലിയിലെ കൃത്യവിലോപത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഉത്തര്‍ ദിന്‍ജാപൂര്‍ ഏരിയയില്‍ ഗോലപോകാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. കല്ലും വടികളുമായിട്ടാണ് ​ഗ്രാമീണർ ഇവരെ ആക്രമിച്ചത്. പൊലീസുകാരെത്തി അശ്വിനി കുമാറിനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു, ബം​ഗാളിലെ പൊലീസ് ഉദ്യോ​ഗസ്ഥരിൽ നിന്നും ഇദ്ദേഹത്തിന് സഹായം ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. ബംഗാള്‍ പോലീസിന്റെ സഹകരണം ഇല്ലാത്തതിനെ തുടര്‍ന്നാണ് അശ്വിനി കുമാർ കൊല്ലപ്പെട്ടതെന്ന് ബിഹാര്‍ പോലീസ് അസോസിയേഷന്‍ ആരോപിച്ചു.