മകന്‍റെ മൃതദേഹം വിട്ടുകൊടുക്കാൻ ആശുപത്രി ജീവനക്കാരൻ വൃദ്ധദമ്പതികളോട് ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ കൈക്കൂലിയാണ്. സംഭവം പരിശോധിക്കുമെന്നും കടുത്ത നടപടിയെടുക്കുമെന്നും സദർ ആശുപത്രി.
സമസ്തിപൂർ: ബിഹാറിലെ സമസ്തിപൂരിൽ വൃദ്ധദമ്പതികൾ തെരുവിൽ ഭിക്ഷ യാചിക്കുകയാണ്. സദറിലെ സർക്കാരാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ മകന്‍റെ മൃതദേഹം വിട്ടുകിട്ടാൻ അവർക്ക് അമ്പതിനായിരം രൂപ കൈക്കൂലി കൊടുക്കണം. പണമില്ല, അതിനാൽ തെരുവിൽ നിന്ന് തെരുവിലേക്ക് നടന്ന് ഭിക്ഷ യാചിക്കുകയാണ് ഈ കുടുംബം.
സമസ്തിപൂർ സ്വദേശികളായ മഹേഷ് ഥാക്കൂറും ഭാര്യയുമാണ് ബിഹാറിലെ തെരുവുകളിൽ ഭിക്ഷ തേടി നടക്കുന്നത്. മകന്‍റെ മൃതദേഹം വിട്ടുകൊടുക്കാൻ ആശുപത്രി ജീവനക്കാരൻ വൃദ്ധദമ്പതികളോട് ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ കൈക്കൂലിയാണ് എന്നിവർ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഈ ദമ്പതികളുടെ ദൃശ്യങ്ങൾ ഷെയർ ചെയ്തത് ആയിരക്കണക്കിന് പേരാണ്.
കുറച്ച് ദിവസം മുമ്പ് ഇവരുടെ മകനെ കാണാതാകുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ നിന്ന് ഒരു അജ്ഞാതമൃതദേഹം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് ഒരു ഫോൺ കോൾ കിട്ടി. അവിടെ എത്തി മകന്‍റെ മൃതദേഹം ഞങ്ങൾ തിരിച്ചറിഞ്ഞു. എല്ലാ നടപടികൾക്കും ശേഷം മകന്‍റെ മൃതദേഹം ഏറ്റുവാങ്ങി അവസാനച്ചടങ്ങുകൾക്കായി കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴാണ് ആശുപത്രിയിലെ ഒരു ജീവനക്കാരൻ തങ്ങളോട് അൻപതിനായിരം രൂപ കൈക്കൂലി ചോദിച്ചത് - വൃദ്ധദമ്പതികൾ പറയുന്നു. ''ഞങ്ങൾ പാവപ്പെട്ട മനുഷ്യരാണ്. ഇത്രയും പണം ഞങ്ങളെവിടെ നിന്ന് കൊടുക്കാനാണ്?'', മഹേഷ് ഥാക്കൂർ ചോദിക്കുന്നു.
ബിഹാറിലെ സദർ ആശുപത്രിക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ഇവിടെ മിക്ക ജീവനക്കാരും കരാർ ജോലിക്കാരാണ്. ഇവർക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അതിനാൽത്തന്നെ ഇത്തരത്തിൽ പല കാര്യങ്ങളും നടത്തിക്കൊടുക്കാൻ ആശുപത്രിയിലെ ജീവനക്കാർ രോഗികളോടും കൂട്ടിരിപ്പുകാരോടും മരിച്ചവരുടെ ബന്ധുക്കളോടും ഒക്കെ പണം ചോദിക്കുന്നുവെന്ന പല ആരോപണങ്ങളും ഇതിന് മുമ്പും ഉയർന്നിട്ടുള്ളതാണ്.
സംഭവം പരിശോധിക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുമെന്നും കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ''ഉത്തരവാദികളായവരെ കണ്ടെത്തും. ഒരു തരത്തിലും ഇതിന് ഉത്തരവാദികളായവരെ വെറുതെവിടില്ല. ഇത് മനുഷ്യത്വത്തിന് തന്നെ അപമാനമാണ്'', സമസ്തിപൂർ സദർ ആശുപത്രിയിലെ സിവിൽ സർജനായ ഡോ. എസ് കെ ചൗധരി വ്യക്തമാക്കി.