ബിഹാര്‍ കോണ്‍ഗ്രസില്‍ സീറ്റിനെ ചൊല്ലിയുള്ള തമ്മിലടി വിമാനത്താവളത്തിലും. ദില്ലിയില്‍ നിന്ന് ചര്‍ച്ച കഴിഞ്ഞെത്തിയ നേതാക്കളെയാണ് സീറ്റ് കച്ചവടം ആരോപിച്ച് വിമാനത്താവളത്തില്‍ കൈയേറ്റം ചെയ്തു
ദില്ലി: ബിഹാര്‍ കോണ്‍ഗ്രസില്‍ സീറ്റിനെ ചൊല്ലിയുള്ള തമ്മിലടി വിമാനത്താവളത്തിലും. ദില്ലിയില്‍ നിന്ന് ചര്‍ച്ച കഴിഞ്ഞെത്തിയ നേതാക്കളെയാണ് സീറ്റ് കച്ചവടം ആരോപിച്ച് വിമാനത്താവളത്തില്‍ കൈയേറ്റം ചെയ്തു. സീറ്റ് വിഭജനത്തെ ചൊല്ലി മഹാസഖ്യത്തിലും, സീറ്റുകളെ ചൊല്ലി എന്‍ഡിഎയിലും ഭിന്നത രൂക്ഷമായി തുടരുകയാണ്. ഹൈക്കമാന്‍ഡ് നേതൃത്വവുമായി ചര്‍ച്ച നടത്തി എത്തിയ പിസിസി അധ്യക്ഷന്‍ രാജേഷ് റാമിനും, ബിഹാറിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് കൃഷ്ണ അല്ലാവര്‍ക്കുമാണ് എയര്‍പോട്ടില്‍ കയ്യേറ്റം നേരിടേണ്ടി വന്നത്. ബിക്രം സീറ്റ് 5 കോടി രൂപക്ക് വിറ്റെന്നാരോപിച്ചാണ് നേതാക്കളെയും അനുനായായികളെയും ഒരു സംഘം കൈയേറ്റം ചെയ്തത്. പണം ദേശീയ നേതാക്കളും , സംസ്ഥാന നേതാക്കളും പങ്കിട്ടെടുത്തെന്നാണ് സീറ്റ് പ്രതീക്ഷിച്ച നേതാവിന്‍റെ അനുയായികളുടെ ആരോപണം.
നിലവില്‍ പിസിസിയോ എഐസിസിയോ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. സമാന വിഷയം ഉന്നയിച്ച് ഒരു വിഭാഗം നേതാക്കള്‍ ഇന്നലെ എഐസിസി ആസ്ഥാനത്തും പ്രതിഷേധിച്ചിരുന്നു. സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തും മുന്‍പേ പിസിസി അധ്യക്ഷനെയടക്കം ഒരു വിഭാഗം നേതാക്കളെ സ്ഥാനാര്ത്ഥികളായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. മഹാസഖ്യത്തില്‍ സീറ്റ് വിഭജനം ഇനിയും കൂറാമുട്ടിയാണ്. 65 സീറ്റ് വരെ വേണമെന്ന കോണ്‍ഗ്രസിന്‍റെയും, 20 സീറ്റും ഉപമുഖ്യമന്ത്രി സ്ഥാനവുമെന്ന വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെയും ഡിമാന്‍ഡ് ആർജെഡി ഇനിയും അംഗീകരിച്ചിട്ടില്ല. ആര്‍ജെഡി നിലപാടില്‍ പ്രതിഷേധിച്ച് സിപിഐഎംഎല്‍ 18 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎയില്‍ സീറ്റിനെ ചൊല്ലി പിടിവലി രൂക്ഷമാകുകയാണ്. സീറ്റെണ്ണത്തില്‍ ലോട്ടറിയടിച്ച ചിരാഗ് പാസ്വാന്‍ മറ്റ് പാര്‍ട്ടികളുടെ സിറ്റിംഗ് സീറ്റില്‍ അവകാശവാദം ഉയര്‍ത്തുന്നതാണ് തര്‍ക്കത്തിന് കാരണം. ജെഡിയുവിന്‍റെ സിറ്റിംഗ് സീറ്റുകളായ സോന്‍ബര്‍സ, രാജ് ഗീര്‍ എന്നീ സീറ്റുകള്‍ ലക്ഷ്യമിട്ടുള്ള ചിരാഗ് പാസ്വാന്‍റെ നീക്കം നിതീഷ് കുമാറിനെ ചൊടിപ്പിച്ചിട്ടുണ്ട്. സീറ്റ് കുറഞ്ഞതിലും , ചിരാഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതിലും ഇടഞ്ഞ ഉപേന്ദ്ര കുശ്വാഹയെ മന്ത്രിസ്ഥാനവും, രാജ്യസഭ സീറ്റും വാഗ്ദാനം ചെയ്ത് ബിജെപി കേന്ദ്ര നേതൃത്വം അനുനയിപ്പിച്ചിട്ടുണ്ട്. എന്‍ഡിഎയിലെ തര്‍ക്കം പരിഹരിക്കാന്‍ വൈകാതെ അമിത് ഷാ പാറ്റ്നെയിലെത്തും.



