പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിറംമങ്ങി കോണ്‍ഗ്രസിന്റെ പ്രകടനം. മഹാഗഡ്ബന്ധന്റെ ഭാഗമായി 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 2015ല്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റില്‍ വിജയിച്ചിരുന്നു. മഹാഗഡ്ബന്ധമിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതേസമയം, സഖ്യത്തിന്റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ തിളക്കമാര്‍ന്ന വിജയം നേടി.

സിപിഐ(എംഎല്‍-ലിബറേഷന്‍) പാര്‍ട്ടിയുടെ വിജയമാണ് എടുത്തുപറയേണ്ടത്. 20 സീറ്റില്‍ മത്സരിച്ച അവര്‍ 12ലും വിജയിച്ചു. നാല് സീറ്റില്‍ സിപിഎം രണ്ട് സീറ്റിലും അഞ്ച് സീറ്റില്‍ മത്സരിച്ച സിപിഐ രണ്ടിടത്തും വിജയം കണ്ടു. ബിഹാര്‍ തെരഞ്ഞെടുപ്പിനെ വളരെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് കാത്തിരുന്നത്. പാര്‍ട്ടി നേതാവ് രാഹുല്‍ഗാന്ധി നിരവധി റാലികളില്‍ പങ്കെടുക്കുകയും പ്രചാരണത്തില്‍ സജീവമാകുകയും ചെയ്തു. എന്നാല്‍ അതൊന്നും വോട്ടായി മാറിയില്ലെന്നാണ് ഫലം വന്നപ്പോള്‍ കാണുന്നത്. അതേസമയം, ബിജെപിക്ക് സ്വാധീനമുള്ളതും ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളുമാണ് കോണ്‍ഗ്രസിന് മത്സരിക്കാന്‍ ലഭിച്ചതെന്നും പറയുന്നു. 9.48 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം. 

പരമ്പരാഗത വോട്ടുബാങ്കായ മുസ്ലിം മേഖലകളില്‍ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി മത്സര രംഗത്തുണ്ടായതും കോണ്‍ഗ്രസിന് തിരിച്ചടിയായതായി വിലയിരുത്തുന്നു. ഒവൈസിയുടെ ആള്‍ ഇന്ത്യ ഇത്തിഹാദ് മജ്‌ലിസെ മുസ്ലിമീന്‍, ബിഎസ്പി, ഐഎല്‍എസ്പി പാര്‍ട്ടികള്‍ സഖ്യമായി 233 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. അഞ്ച് സീറ്റില്‍ ഒവൈസിയുടെ പാര്‍ട്ടിയുടെയും ഒരിടത്ത് ബിഎസ്പിയും ജയിച്ചു.

ദലിത്, മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ ദയനീയ പരാജയം മഹാഗഡ്ബന്ധന്റെ വിജയസാധ്യതക്ക് മങ്ങലേല്‍പ്പിച്ചു. ആര്‍ജെഡി 75 സീറ്റ് നേടി വലിയ ഒറ്റകക്ഷിയായെങ്കിലും സഖ്യം 110 സീറ്റിലൊതുങ്ങി. 23.1 ശതമാനം വോട്ട് നേടിയ ആര്‍ജെഡിക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുവിഹിതം ലഭിച്ചതും.