Asianet News MalayalamAsianet News Malayalam

ബിഹാറിൽ മൂന്നാംഘട്ട പോളിംഗ് നാളെ; വിധിയെഴുതുന്നത് 78 മണ്ഡലങ്ങൾ

എന്‍ഡിഎയും, മഹാസഖ്യവും ചിരാഗ് പാസ്വാന്‍റെ എല്‍ജെപിയും തമ്മിലുള്ള ത്രികോണ മത്സരമായിരുന്നു ആദ്യ രണ്ട് ഘട്ടങ്ങളെ ശ്രദ്ധേയമാക്കിയത്. അസദുദ്ദീന്‍ ഒവൈസിയുടെ AIMIM, പപ്പുയാദവിന്‍റെ ജന്‍ അധികാര്‍ പാര്‍ട്ടി, മായാവതിയുടെ ബിഎസ്പി, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി തുടങ്ങിയ ചെറുകക്ഷികള്‍ ചേര്‍ന്ന മൂന്നാംമുന്നണി ഈ ഘട്ടത്തില്‍ പ്രസക്തമാകുന്നു.

bihar election enters final phase 78 constituencies to vote on November seven
Author
Patna, First Published Nov 6, 2020, 12:39 PM IST

പാറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. ത്രികോണമത്സരങ്ങളായിരുന്നു കഴിഞ്ഞ രണ്ട് ഘട്ടങ്ങളില്‍ ശ്രദ്ധേയമായതെങ്കില്‍ മഹാദളിതുകള്‍കളുടേതടക്കമുള്ള സ്വാധീന മേഖലകളില്‍ മൂന്നാം മുന്നണി പിടിക്കുന്ന വോട്ടും ഈ ഘട്ടത്തില്‍ നിര്‍ണ്ണായകമാകും.

പതിനാറ് ജില്ലകളിലെ 78 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. എന്‍ഡിഎയും, മഹാസഖ്യവും ചിരാഗ് പാസ്വാന്‍റെ എല്‍ജെപിയും തമ്മിലുള്ള ത്രികോണ മത്സരമായിരുന്നു ആദ്യ രണ്ട് ഘട്ടങ്ങളെ ശ്രദ്ധേയമാക്കിയത്. അസദുദ്ദീന്‍ ഒവൈസിയുടെ AIMIM, പപ്പുയാദവിന്‍റെ ജന്‍ അധികാര്‍ പാര്‍ട്ടി, മായാവതിയുടെ ബിഎസ്പി, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി തുടങ്ങിയ ചെറുകക്ഷികള്‍ ചേര്‍ന്ന മൂന്നാംമുന്നണി ഈ ഘട്ടത്തില്‍ പ്രസക്തമാകുന്നു. 

ഈ  ചെറുകക്ഷികളുടെ സ്വാധീനമേഖലകളായ സീമാഞ്ചലും, മിഥിലാഞ്ചലും ഈ ഘട്ടത്തിലാണ് വിധിയെഴുതുന്നത്. മുസ്ലീം വോട്ടുകളും, മഹാദളിതടക്കമുള്ള പിന്നാക്ക വിഭാഗങ്ങളും ഈ മേഖലകളില്‍ ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ മേഖലകള്‍ 58 സീറ്റുകള്‍ നല്‍കി മഹാസഖ്യത്തെയാണ് പിന്തുണച്ചത്. മഹാദളിതുകള്‍ക്കിടയിലക്കം സര്‍ക്കാരിനോടുള്ള അതൃപ്തി അനുകൂലമാകുമെന്നാണ്  ചെറുകക്ഷികളുടെ  പ്രതീക്ഷ.

അതേ സമയം ഇത് അവസാന തെരഞ്ഞെടുപ്പാണെന്ന  മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ജെഡിയു രംഗത്തെത്തി. സാമൂഹിക പ്രവര്‍ത്തകരോ, രാഷ്ട്രീയ പ്രവർത്തകരോ വിരമിക്കാറില്ലെന്നും നിതീഷ് ജനങ്ങള്‍ക്കിടയില്‍ തന്നെ കാണുമെന്നും ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ് നാരായണ്‍ സിംഗ് വ്യക്തമാക്കി.നിതീഷ് കുമാറിന്‍റെ പ്രഖ്യാപനത്തോട് ബിജെപി പ്രതികരിച്ചിട്ടില്ല. വിരമിക്കല്‍ പ്രഖ്യാപനം വോട്ട് നേടാനുള്ള നിതീഷിന്‍റെ തന്ത്രമെന്ന നിലക്കേ പ്രതിപക്ഷം കാണുന്നുള്ളൂ. 

Follow Us:
Download App:
  • android
  • ios