പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ഭൂരിഭാഗവും പറഞ്ഞത് പോലെ മഹാസഖ്യത്തിന് മുന്നേറ്റം നേടാനായിട്ടില്ല. എന്നാൽ മഹാസഖ്യത്തിന് മുന്നേറ്റം ഇനിയും സാധ്യമാകുമോയെന്നും അറിയേണ്ടതുണ്ട്. 243 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ ലീഡ് നില പ്രകാരം 74 സീറ്റുകൾ നിർണായകമാണ്. ഇവിടെ ഇപ്പോൾ ലീഡ് നില ആയിരത്തിൽ താഴെയാണ്.

വോട്ടെണ്ണൽ പല മണ്ഡലങ്ങളിലും ആറാമത്തെയും ഏഴാമത്തെയും റൗണ്ടിലെത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ അവശേഷിക്കുന്ന റൗണ്ടുകളിൽ രണ്ടാം സ്ഥാനത്തിരിക്കുന്ന സ്ഥാനാർത്ഥി മുന്നോട്ട് കയറാനുള്ള സാധ്യതയും കൂടുതൽ താഴേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിലവിൽ ആയിരത്തിൽ താഴെ ലീഡുള്ള 74 മണ്ഡലങ്ങളിൽ 42 മണ്ഡലങ്ങളിലും വോട്ട് വ്യത്യാസം 500 നടുത്താണ്. ഏഴ് മണ്ഡലങ്ങളിലെ വോട്ട് വ്യത്യാസം 200 ൽ താഴെയാണെന്നതും പ്രധാനമാണ്. അതിനാൽ തന്നെ എൻഡിഎക്കും മഹാസഖ്യത്തിനും ആശങ്കയും പ്രതീക്ഷയുമേകുന്നതാണ് ഇനി വരുന്ന മണിക്കൂറുകൾ.

ഉച്ചയ്ക്ക് 2.15 വരെ എണ്ണിയ വോട്ടുകളുടെ നിലവാരം നോക്കുമ്പോൾ ബിജെപിയാണ് 76 സീറ്റുമായി ഒന്നാമതുള്ളത്. സഖ്യകക്ഷിയായ ജെഡിയുവിന് 50 സീറ്റുണ്ട്. പ്രതിപക്ഷത്തെ വലിയ കക്ഷിയായ ആർജെഡിക്ക് 63 സീറ്റിലാണ് ലീഡുള്ളത്. കോൺഗ്രസിന്റെ ലീഡ് 18 ലേക്ക് താഴ്ന്നു. അതേസമയം മെച്ചപ്പെട്ട പോരാട്ടമാണ് ഇടതുപാർട്ടികൾ കാഴ്ചവെച്ചത്. അവർ 18 സീറ്റിൽ മുന്നേറുന്നുണ്ട്. സിപിഎം മത്സരിച്ച നാലിൽ മൂന്ന് സീറ്റിലും സിപിഐ മത്സരിച്ച ആറിൽ മൂന്ന് സീറ്റിലും സിപിഐഎംഎൽ ലിബറേഷൻ മത്സരിച്ച 19 ൽ 12 സീറ്റിലും മുന്നിലാണ്. ചിരാഗ് പാസ്വാന്റെ എൽജെപിക്ക് രണ്ട് സീറ്റിലാണ് മുന്നിലെത്താനായത്.