Asianet News MalayalamAsianet News Malayalam

ചിരാഗ് പാസ്വാന്റെ വിമത നീക്കം മഹാസഖ്യത്തിന് ഗുണം ചെയ്യില്ലെന്ന വാദവുമായി ആർജെഡി നേതാവ്

തെരഞ്ഞെടുപ്പ് റാലികളില്‍ നടത്തിയ ചിരാഗ് പാസ്വാന് അനുകൂലമായ പ്രസ്താവനകളും, നിതീഷ് ചിരാഗിനോട് ചെയ്തത് ശരിയായില്ലെന്ന ട്വീറ്റുമൊക്കെയാണ് തേജസ്വി യാദവും ചിരാഗ് പാസ്വാനും അടുക്കുന്നുവെന്ന അഭ്യൂഹം ഉയർത്തിയത്

Bihar Elections 2020 Chirag paswan Thejashwi yadav RJD Manoj Jha MP
Author
Patna, First Published Oct 21, 2020, 7:42 AM IST

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാനും തേജസ്വി യാദവും അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചിരാഗിന്‍റെ വിമത നീക്കം മഹാസഖ്യത്തിന് ഗുണമാകില്ലെന്ന് ആര്‍ജെഡി വക്താവ്. എല്‍ജെപി ബിജെപിയുടെ 'ബി' ടീമാണെന്ന് രാജ്യസഭ എംപി കൂടിയായ മനോജ് ഝാ തുറന്നടിച്ചു. ദളിത് പിന്തുണയുള്ള കക്ഷികള്‍ മഹാസഖ്യം വിട്ടതില്‍ പരാജയ ഭീതിയില്ലെന്നും മനോജ് ഝാ പാറ്റ്നയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തെരഞ്ഞെടുപ്പ് റാലികളില്‍ നടത്തിയ ചിരാഗ് പാസ്വാന് അനുകൂലമായ പ്രസ്താവനകളും, നിതീഷ് ചിരാഗിനോട് ചെയ്തത് ശരിയായില്ലെന്ന ട്വീറ്റുമൊക്കെയാണ് തേജസ്വി യാദവും ചിരാഗ് പാസ്വാനും അടുക്കുന്നുവെന്ന അഭ്യൂഹം ഉയർത്തിയത്. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും, ഉപേന്ദ്ര കുശാവഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും മഹാസഖ്യം വിട്ടതിന്റെ ക്ഷീണം ഒരു പരിധി വരെ മറികടക്കാന്‍ ചിരാഗുമായുള്ള സഹകരണത്തിന് കഴിയുമെന്ന് ആര്‍ജെഡിയില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. എന്നാല്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ് മനോജ് ഝാ എംപി.

എല്‍ജെപി എന്നത് ബിജെപിയുടെ മറ്റൊരു സുഹൃത്താണ്. ഒരിക്കല്‍ ബിജെപിയിൽ ഉണ്ടായിരുന്നവരാണ് എല്‍ജെപിയുള്ളത്. എല്‍ജെപിയുടെ കാര്യത്തില്‍ ബിജെപി സാമര്‍ത്ഥ്യം കാട്ടി. ബിഹാറിലെ ജനങ്ങള്‍ ബോധമുള്ളവരാണ്. പിന്നാക്ക വിഭാഗങ്ങളെ മഹാസഖ്യത്തോടടുപ്പിക്കാന്‍ എല്‍ജെപിക്കാകുമെന്ന ഒരു വിഭാഗത്തിന്‍റെ നിലപാടിനെയും മനോജ് ഝാ തള്ളുന്നു. അത് തെറ്റായ ഒരു കണക്ക് കൂട്ടലാണെന്നും ആര്‍എല്‍എസ്പി ബിജെപിയോടടുത്ത് പോയെന്നും എംപി പറഞ്ഞു. "മറ്റൊരു കക്ഷി വേറെ വഴിക്കും പോയി. മഹാസഖ്യം ജനങ്ങളുടേതാണ്,"-മനോജ് ഝാ പറഞ്ഞു.

ചിരാഗ് പാസ്വാന്‍- തേജസ്വി കൂട്ടുകെട്ടെന്ന അഭ്യൂഹം നിലനില്‍ക്കെ രാംവിലാസ് പാസ്വാന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിതീഷ് കുമാറെത്തിയതും ശ്രദ്ധേയമായി. ചടങ്ങില്‍ തേജസ്വി യാദവുമുണ്ടായിരുന്നു. തേജസ്വി-ചിരാഗ് കൂട്ടുകെട്ടെന്ന അഭ്യൂഹം നിതീഷ് കുമാറിനെ ഒന്നു കൂടി അസ്വസ്ഥനാക്കുമെന്നതില്‍ സംശയമില്ല. രാംവിലാസ് പാസ്വാന്‍റെ മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ചിരാഗ് പാസ്വാന്‍ കൂടി കളത്തിലിറങ്ങുന്നതോടെ ബിഹാര്‍ പോര് കൂടുതല്‍ കടുക്കും.

Follow Us:
Download App:
  • android
  • ios