ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കാനിരിക്കെ എൻഡിഎ-ഇന്ത്യാ സഖ്യ നേതാക്കൾക്കിടയിൽ വാക്പോര് കടുക്കുന്നു. പാശ്ചാത്യ ആഘോഷങ്ങൾ ഏറ്റെടുക്കുന്ന ആര്‍ജെഡി ഛഠ് പൂജയെ അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു

ദില്ലി: ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കാനിരിക്കെ എൻഡിഎ-ഇന്ത്യാ സഖ്യ നേതാക്കൾക്കിടയിൽ വാക്പോര് കടുക്കുന്നു. പാശ്ചാത്യ ആഘോഷങ്ങൾ ഏറ്റെടുക്കുന്ന ആര്‍ജെഡി ഛഠ് പൂജയെ അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. 20 കൊല്ലമായി ബിഹാറിൽ ഒന്നും ചെയ്യാനാകാത്ത എൻഡിഎ കള്ളപ്രചാരണം നടത്തുകയാണെന്ന് പ്രിയങ്ക ​​ഗാന്ധി തിരിച്ചടിച്ചു. തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ അടക്കം 121 സീറ്റുകളിലേക്കുള്ള പ്രചാരണമാണ് നാളെ അവസാനിക്കുക. ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് സിൻഹ, ആർജെഡിയുമായി തെറ്റി നിൽക്കുന്ന ലാലു പ്രസാദ് യാദവിന്‍റെ മകൻ തേജ് പ്രതാപ് യാദവ്, ജെഡിയു സംസ്ഥാന അധ്യക്ഷൻ ഉമേഷ് കുഷ്വാഹ തുടങ്ങിയവരൊക്കെ ആദ്യഘട്ടത്തിൽ മത്സര രം​ഗത്തുണ്ട്. തലസ്ഥാനമായ പറ്റ്നയും വ്യാഴാഴ്ചയാണ് പോളിം​ഗ് ബൂത്തിലേക്ക് പോകുന്നത്. സംഘർഷമുണ്ടായ പറ്റ്നയിലെ മൊകാമ സീറ്റിലും വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. ബീഹാറിൽ ഇന്ന് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഹിന്ദുത്വ വിഷയങ്ങളിലൂന്നിയ പ്രചാരണം കടുപ്പിച്ചു. കോൺ​ഗ്രസ് ഭരണകാലത്ത് അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ കൈനീട്ടി സ്വീകരിച്ചെന്ന് അമിത് ഷാ ആരോപിച്ചു.

ലാലു പ്രസാദ് യാദവിന്‍റെ ഹാലോവീൻ ആഘോഷം ഉയർത്തിയായിരുന്നു മോദിയുടെ പ്രചാരണം. പ്രതിപക്ഷ നേതാക്കളുടെ ലക്ഷ്യം ബിഹാറിനെ നശിപ്പിക്കുക മാത്രമാണെന്നും വനിതാ ലോകകപ്പ് വിജയം കായികരം​ഗത്തെ മാത്രം നേട്ടമല്ലെന്നും ഭാരതത്തിലെ വനിതകളുടെ പുതിയ ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ലാലുപ്രസാദ് യാദവ് ഹാലോവീൻ ആഘോഷിച്ചുകൊണ്ട് ഛഠ് പൂജയെ അപമാനിച്ചുവെന്നും ആർജെഡി ആന്താരാഷ്ട്ര ആഘോഷങ്ങളിൽ തിരക്കിലാണെന്നും മോദി കുറ്റപ്പെടുത്തി. ജം​ഗിൾ രാജ് നടപ്പാക്കുന്ന കോൺ​ഗ്രസിനും ആർജെഡിക്കും വികസനവുമായി ഒരു ബന്ധവുമില്ലെന്നും പുതിയ വോട്ടർമാർ ജം​ഗിൾരാജിനെതിരായ ആദ്യ വോട്ട് രേഖപ്പെടുത്തണമെന്നും മോദി പറഞ്ഞു. അതേസമയം വികസനത്തെ കുറിച്ച് എന്തുകൊണ്ട് മോദി സംസാരിക്കുന്നില്ലെന്ന് പ്രിയങ്ക ​ഗാന്ധി ചോദിച്ചു. സ്ത്രീകൾക്ക് പതിനായിരം രൂപ നൽകാൻ 20 വർഷം കാത്തിരുന്നതെന്തിനെന്നും പ്രിയങ്ക റാലിയിൽ തിരിച്ചടിച്ചു. മല്ലികാർജുൻ ഖർ​ഗെയും ഇന്ന് ബിഹാറിൽ പ്രചാരണത്തിനെത്തി. മോദിയുടെ വാക്കുകൾ ജനം ചിരിച്ച് തള്ളുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയും തിരിച്ചടിച്ചു.

എൻഡിഎ ആദ്യഘട്ടത്തിലെ 78 സീറ്റുകള്‍ നേടുമെന്ന് പ്രവചനം

പ്രമുഖ ഹിന്ദി പത്രമായ ദൈനിക് ഭാസ്കർ നടത്തിയ അഭിപ്രായ സർവേയിൽ ആദ്യ ഘട്ടത്തിലെ 121 സീറ്റുകളിൽ 78 വരെ എൻഡിഎ സഖ്യം നേടാം എന്നാണ് പ്രവചനം. പറ്റ്നയിലെ മൊകാമ സീറ്റിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ ജെഡിയു സ്ഥാനാർത്ഥി ആനന്ദ് സിം​ഗിനെ ഇന്നലെ രണ്ടാഴ്ചത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. സംഘർഷ സാധ്യത തുടരുന്നതിനാൽ ഈ സീറ്റിലടക്കം സുരക്ഷ സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. തേജസ്വി യാദവ് നാടൻ തോക്ക് കാണിച്ച് കോൺ​​ഗ്രസിനെ വിരട്ടിയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായതെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചിരുന്നു. രാഹുൽ ​ഗാന്ധി ഇന്നലെ ബെ​ഗുസരായിൽ ​ഗ്രാമീണർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ദൃശ്യങ്ങൾ വൈറലായിരുന്നു. രാഹുലിന്റേത് നാടകമാണെന്ന് ജനം മനസിലാക്കുമെന്ന് ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി വിമർശിച്ചു.

YouTube video player