ബീഹാറിൽ ആദ്യ ഘട്ട പ്രചാരണം അവസാനിക്കാനിരിക്കെ, ജൻസുരാജ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജെഡിയു സ്ഥാനാർത്ഥി ആനന്ദ് സിംഗ് അറസ്റ്റിലായതിനെ ആയുധമാക്കി ഇന്ത്യാസഖ്യം.
പറ്റ്ന : ബീഹാറിൽ മറ്റന്നാൾ ആദ്യഘട്ട പ്രചാരണം അവസാനിക്കാനിരിക്കെ ജെഡിയു സ്ഥാനാർത്ഥി അറസ്റ്റിലായത് ആയുധമാക്കി ഇന്ത്യ സഖ്യം. ജൻസുരാജ് പ്രവർത്തകന്റെ കൊലപാതകത്തിൽ ഇന്നലെ രാത്രി വീട്ടിൽ കയറിയാണ് ജെഡിയു സ്ഥാനാർത്ഥി ആനന്ദ് സിംഗിനെ അറസ്റ്റ് ചെയ്തത്. പറ്റ്നയ്ക്കടുത്ത് മൊകാമ സീറ്റിലെ ജെഡിയു സ്ഥാനാർത്ഥി ആനന്ദ് സിംഗ് അറസ്റ്റിലായത് വൻ രാഷ്ട്രീയ തർക്കത്തിന് ഇടയാക്കുകയാണ്. പറ്റ്ന റൂറൽ എസ്പിയെ അടക്കം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ സ്ഥലം മാറ്റിയിരുന്നു.
ജൻസുരാജ് പ്രവർത്തകൻ ദുലർചന്ദ് യാദവ് സംഘർഷത്തിനിടെ കൊല്ലപ്പെട്ടതിൽ ആനന്ദ് സിംഗിന് നേരിട്ട് പങ്കുണ്ടെന്നാണ് ആരോപണം. യാദവിന് കാലിൽ വെടിയേറ്റിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. നിരവധി കേസുകളിൽ പ്രതിയായ ആനന്ദ് സിംഗ് രണ്ടായിരത്തി ഇരുപതിൽ വിജയിച്ച ശേഷം ആയുധങ്ങൾ കൈവച്ച കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായിരുന്നു. ഹൈക്കോടതി വെറുതെവിട്ടതോടെയാണ് ഇത്തവണ മത്സരിക്കാൻ വഴിയൊരുങ്ങിയത്. ജംഗിൾ രാജെന്ന ജെഡിയുവിന്റെയും ബിജെപിയുടെയും പ്രചാരണം ചെറുക്കാൻ ആനന്ദ് സിംഗിന്റെ അറസ്റ്റ് ഇന്ത്യ സഖ്യം ആയുധമാക്കുകയാണ്.
പറ്റ്നയിൽ നരേന്ദ്രമോദി ഇന്ന് റോഡ് ഷോയ്ക്ക് എത്തുന്നതിന് മുൻപായി ആനന്ദ് സിംഗിനെ അറസ്റ്റ് ചെയ്ത് വിവാദം തണുപ്പിക്കാനാണ് സർക്കാർ നോക്കിയത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ജെഡിയു പ്രതികരിച്ചു. ബീഹാറിലെ പ്രചാരണത്തിൽ ഇതാദ്യമായാണ് നരേന്ദ്രമോദി റോഡ് ഷോയ്ക്ക് എത്തിയത്. തേജസ്വി യാദവിന്റെ പ്രചാരണം യുവാക്കളെ ആകർഷിക്കുന്നുവെന്ന സർവേ റിപ്പോർട്ടുകൾക്കിടെയാണ് മോദി നയിക്കുന്ന പ്രചാരണം ശക്തമാക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ ലാലുപ്രസാദ് യാദവ് വീട്ടിൽ ഹളോവീൻ ആഘോഷിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടിയുള്ള വിമർശനം ബിജെപി ശക്തമാക്കി. ചെറുമക്കൾക്കൊപ്പം ലാലു ആഘോഷിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. കുംഭമേളയെ അപമാനിച്ച ലാലു പാശ്ചാത്ത്യ ആഘോഷം ഏറ്റെടുക്കുന്നത് അപമാനകരമെന്ന് ബിജെപി കുറ്റപ്പെടുത്തി.


