സമസ്തിപ്പൂർ : ബിഹാറിലെ കരിമ്പ് വ്യവസായ വകുപ്പ് മന്ത്രിയാണ് ബീമാ ഭാരതി. എഴുപത്തൊന്നാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സമസ്തിപൂർ പട്ടേൽ മൈതാനിയിൽ വെച്ച് നടന്ന ചടങ്ങുകളിൽ മുഖ്യാതിഥി ബീമാ ഭാരതിയായിരുന്നു. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച അവർ നേരത്തെ എഴുതിക്കൊണ്ടുവന്ന ഒരു പ്രസംഗം വായിക്കുകയാണ് ചെയ്തത്. അതിനിടെ അവർക്ക് പറ്റിയ ഒരു അബദ്ധം പിന്നീട് നിരവധി ട്രോളുകൾക്ക് കാരണമായി. " ഇന്ത്യയുടെ ഭരണഘടന, 1985 -ൽ, അല്ല 55 -ൽ നടപ്പിലാക്കപ്പെട്ടതിന്റെ ഓർമക്കുവേണ്ടിയാണ് നമ്മൾ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. നിരവധി പേർ ഈ അബദ്ധത്തിന്റെ വീഡിയോ ട്വീറ്റുചെയ്യുകയുണ്ടായി. 

 

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ സ്വന്തം പേരല്ലാതെ മറ്റൊന്നും തന്നെ വൃത്തിക്ക് വായിക്കാൻ പറ്റാതിരുന്നതിന്റെ പേരിൽ അന്നുതന്നെ വിവാദങ്ങൾ നേരിടേണ്ടി വന്ന നേതാവാണ് ബീമാ ഭാരതി. ഭർത്താവിനെ ക്രിമിനൽ കേസിൽ കോടതി ശിക്ഷിച്ചതിന്റെ തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ഭർത്താവിന് പകരം ഭാരതിയെ സ്ഥാനാർത്ഥിയാക്കി നിർത്തി ജയിപ്പിച്ചെടുക്കുകയും മന്ത്രിയാക്കുകയും ചെയ്യുകയായിരുന്നു. ഭർത്താവിന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നിട്ടും,  ഭാര്യക്ക് ഒട്ടും തന്നെ അക്ഷരാഭ്യാസം ഇല്ലാതിരുന്നിട്ടും ബീമാ ഭാരതിയെ ഒരു വകുപ്പുതന്നെ ഏൽപ്പിച്ചതിന്റെ പേരിൽ നിതീഷ് കുമാറിനും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു അന്ന്. അതിന്റെ കോലാഹലങ്ങൾ അടങ്ങി എന്ന് കരുതിയിരിക്കുമ്പോഴാണ് റിപ്പബ്ലിക് ദിന ചടങ്ങിനിടെ അടുത്ത പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.