യുപിയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയപ്പോൾ പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷൻ തള്ളി. കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദഭരണ പ്രദേശത്തും എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. യുപിയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയപ്പോൾ പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷൻ തള്ളി. കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. എസ്ഐആർ ചർച്ചയിൽ പാർലമെൻറിൽ ഭരണ പ്രതിപക്ഷ വാക്പോര് തുടരുകയാണ്.
എസ്ഐആർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മർദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎൽഒമാർ ആത്മഹത്യ ചെയ്തതുൾപ്പടെ ഗുരുതര പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച കേരളത്തിന് നേരത്തെ സമയം നീട്ടി നൽകിയിരുന്നു. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തീയതി 6 ഇടങ്ങളിൽ ഇന്ന് അവസാനിക്കേണ്ടതായിരുന്നു, ഇതാണ് ഒരാഴ്ചകൂടി നീട്ടിയത്. ഗുരുതര പരാതികളുയർന്ന ഉത്തർ പ്രദേശിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് 15 ദിവസമാണ് നീട്ടിയത്. ഈമാസം 31 നാകും യുപിയിൽ ഇനി കരട് പട്ടിക പ്രസിദ്ധീകരിക്കുക. മധ്യപ്രദേശ് ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഫോം സമർപ്പിക്കാൻ ഒരാഴ്ചയും തമിഴ്നാട്ടിലും ഗുജറാത്തിലും മൂന്ന് ദിവസം കൂടിയും സമയം അനുവദിച്ചു.
എന്നാൽ പശ്ചിമബംഗാളിൽ ഇതിനുള്ള കാലാവധി ഇന്ന് രാത്രി തന്നെ അവസാനിക്കും. 55 ലക്ഷം പേരാണ് ബംഗാളിലെ പട്ടികയിൽ നിന്ന് ഒഴിവായതെന്നാണ് റിപ്പോർട്ടുകൾ. എസ്ഐആറിൽ ഉച്ചയ്ക്കു ശേഷമാണ് രാജ്യസഭയിൽ ചർച്ച തുടങ്ങിയത്. എല്ലാ പാർട്ടികൾക്കും ഒരുപോലെ പ്രവർത്തിക്കാനുള്ള അവകാശം ബിജെപി ഭരണത്തിൽ നിഷേധിക്കുകയാണെന്ന് ചർച്ച തുടങ്ങിയ കോൺഗ്രസ് നേതാവ് അജയ് മാക്കൻ ആരോപിച്ചു. തെറ്റ് ചെയ്യുന്നില്ലെങ്കിൽ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥർക്ക് പരിരക്ഷ നൽകുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വനിതകൾക്ക് ധനസഹായം നൽകാനൊരുങ്ങവേ പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടിയ കമ്മീഷൻ, ബിഹാറിൽ സർക്കാർ വൻതോതിൽ പണം നൽകിയപ്പോൾ മിണ്ടിയില്ലെന്നും അജയ് മാക്കൻ ചൂണ്ടിക്കാട്ടി. ജനങ്ങളോട് ആഴത്തിലുള്ള ബന്ധം സൃഷ്ടിച്ചാലേ വോട്ട് ലഭിക്കൂവെന്ന് കോൺഗ്രസിന് ഇപ്പോഴും മനസിലായിട്ടില്ലെന്ന് ബിജെപി തിരിച്ചടിച്ചു.


