പറ്റ്ന: ബിഹാറില്‍ നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ് ഭവനില്‍ കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചാകും സത്യപ്രതിജ്‍ഞ. ജെഡിയുവിന്‍റെ മോശം പ്രകടനമായിരുന്നിട്ട് കൂടി നിതീഷ് കുമാറിന് മുഖ്യമന്ത്രി സ്ഥാനം നൽകാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദയടക്കമുള്ള നേതാക്കളും പങ്കെടുക്കും. നിതീഷ് കുമാറിനൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

ഉപമുഖ്യമന്ത്രി പദത്തിലും വകുപ്പ് വിഭജനത്തിലും ബിജെപിയില്‍ ആശയക്കുഴപ്പം തുടരുകയാണ്. സുശീല്‍ മോദി തുടരട്ടേയെന്നാണ് നിതീഷ് കുമാര്‍ താല്‍പര്യപ്പെട്ടെങ്കിലും ബിജെപിയുടെ പരിഗണനയില്‍ സുശീല്‍ മോദി ഇല്ലായിരുന്നു. കറ്റിഹാറില്‍ നിന്നുള്ള എംഎല്‍എ താര കിഷോര്‍ പ്രസാദിനെ നിയമസഭ കക്ഷി നേതാവായും, ബേട്ടിയ എംഎല്‍എ രേണു ദേവിയെ  ഉപനേതാവായും തെരഞ്ഞെടുത്തത് ബിജെപി വ്യക്തമാക്കി.  

ഉത്തര്‍പ്രദേശ് മാതൃകയില്‍  രണ്ട് ഉപമുഖ്യമന്ത്രിമാര്‍ എന്ന വഴിക്കും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ട്വിറ്ററില്‍  ഇരുനേതാക്കളെയും  ആശംസിച്ചതിനൊപ്പം ബിജെപി നേതൃത്വത്തിന് സുശീല്‍ മോദി നന്ദി പറയുക കൂടി ചെയ്തതോടെ ഉപമുഖ്യമന്ത്രി പദത്തിലില്‍ അദ്ദേഹമില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സ്പീക്കര്‍ പദവിക്ക് ബിജെപിയും ജെഡിയുവും ഒരു പോലം അവകാശവാദം ഉന്നയിക്കുന്നുണ്ട്. വകുപ്പ് വിഭജനം സംബന്ധിച്ചും ഇനിയും അന്തിമ തീരുമാനമായില്ലെന്നാണ് സൂചന.