ജില്ലയിലെ കെൻഡുഗുരി പ്രദേശത്ത് ബിഹു ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കുത്തനെയുള്ള കൊവിഡ് വർദ്ധനവിനെ തുടർന്ന് ആഘോഷപരിപാടികളെല്ലാം മാറ്റിവെച്ചു.
അസം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ബിഹു ഉത്സവവുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ച് അസമിലെ ജോർഹത് കെൻഡുഗുരി ബിഹു കമ്മറ്റി. പരിപാടികൾക്ക് പകരം ആ ഫണ്ട് ഉപയോഗിച്ച്, മെഡിക്കൽ സംവിധാനത്തെ സഹായിക്കുന്നതിനായി ആംബുലൻസ് വാങ്ങി നൽകാനും ഇവർ തീരുമാനിച്ചു. ശനിയാഴ്ച മാത്രം അസമിൽ 2236 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3.24 ശതമാനമാണ് സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്.
അസമിന്റെ പുതുവർഷ ഉത്സവമാണ് ബിഹു. സംസ്ഥാനത്ത് ഒരു മാസം മുഴുവനുമുള്ള ആഘോഷപരിപാടികളാണ് നടത്തിയിരുന്നത്. ജില്ലയിലെ കെൻഡുഗുരി പ്രദേശത്ത് ബിഹു ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കുത്തനെയുള്ള കൊവിഡ് വർദ്ധനവിനെ തുടർന്ന് ആഘോഷപരിപാടികളെല്ലാം മാറ്റിവെച്ചു. പിന്നീടാണ് ആംബുൻസ് വാങ്ങാൻ അംഗങ്ങൾ തീരുമാനിച്ചത്. നിരവധി പേരാണ് കമ്മറ്റിയുടെ തീരുമാനത്തെ അഭിനന്ദിച്ചത്.
ഒരു ആംബൂലൻസ് വാങ്ങുക എന്ന ലക്ഷ്യത്തിനാണ് തങ്ങൾ പ്രാധാന്യം നൽകിയതെന്ന് ജോർഹത് കെൻഡുഗുരി ബിഹു കമ്മറ്റി അംഗമായ മാനസ് ദത്ത പറഞ്ഞു. ഈ വർഷം ജനുവരിയിൽ ബിഹു ആഘോഷങ്ങൾക്കായി നടത്തിയ പൊതുയോഗത്തിൽ ആംബുലൻസ് വാങ്ങാനുള്ള തീരുമാനമെടുത്തിരുന്നു. ഉത്സവാഘോഷങ്ങൾ ഇല്ലെങ്കിൽ സമൂഹത്തിന് എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ പലരും നിർദ്ദേശിച്ചു. കമ്മറ്റിയിലെ ചിലരാണ് ആംബുലൻസ് വാങ്ങാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. പിന്നീട് എല്ലാവരും ഈ നിർദ്ദേശത്തെ പിന്തുണച്ചു. മാനസ് ദത്തയുടെ വാക്കുകൾ.
