റായിപൂര്‍: ചത്തീസ്ഗഢിലെ ബിജ്പൂരില്‍ മാവോയിസ്റ്റ് ആക്രമണത്തിനിടെ കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്റ്റുകളുടെ പിടിയിലാണെന്നതിന് സ്ഥിരീകരണം. ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചെന്നാണ് മുതിര്‍ന്ന സുരക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജവാന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ ഇയാളുടെ മോചനത്തിനുള്ള ചര്‍ച്ചയ്ക്കായി മധ്യസ്ഥനെ നിയമിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യമെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് പേജുള്ള ഒരു കത്ത് വഴിയാണ് ജവാന്‍ തങ്ങളുടെ പിടിയിലുള്ള കാര്യം മാവോയിസ്റ്റുകള്‍ അധികാരികളെ അറിയിച്ചത്. സര്‍ക്കാര്‍ നിയമിക്കുന്ന മധ്യസ്ഥന്‍ വഴിമാത്രമായിരിക്കും ജവാന്‍റെ മോചനത്തിന് ചര്‍ച്ചകള്‍ എന്നാണ് മാവോയിസ്റ്റുകള്‍ അറിയിക്കുന്നത്. ചത്തീസ്ഗഢ് പൊലീസ് കത്ത് മാവോയിസ്റ്റുകള്‍ അയച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ആവശ്യം സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നാണ് ചത്തീസ്ഗഢ് വൃത്തങ്ങള്‍ അറിയിക്കുന്നത്. 

ചത്തീസ്ഗഢിലെ ബിജ്പൂരില്‍ ശനിയാഴ്ച മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് സൈനിക സംഘത്തെ ആക്രമിക്കുകയായിരുന്നു. 22 സൈനികരാണ് ഈ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല ചെയ്യപ്പെട്ടത്. ഈ സംഭവത്തിനിടെയാണ് ജമ്മു സ്വദേശിയായ രാകേഷ്വാര്‍ സിംഗ് മന്‍ഹാസ് എന്ന 35കാരനായ ജവാനെ കാണാതായത്. ഇയാളെ മാവോയിസ്റ്റുകള്‍ പിടികൂടിയെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇയാളുടെ മോചനത്തിനായി ഇടപെടണം എന്ന് ഇദ്ദേഹത്തിന്‍റെ ഭാര്യ മീനു മന്‍ഹാസ് കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

അതേ സമയം മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി എന്ന മാവോയിസ്റ്റ് സംഘടനയുടെ ഒന്നാം ബറ്റാലിയൻ കമാണ്ടർ ഹിഡ്മ, ബീജാപ്പൂർ ഉൾക്കാടുകളിൽ താനുണ്ട് എന്ന മട്ടിലുള്ള ഒരു ഇന്റലിജൻസ് വിവരം അറിഞ്ഞുകൊണ്ടുതന്നെ ചോർത്തി നൽകുകയും, അത് വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ട സിആർപിഎഫിന്റെ കോമ്പിങ് ‌ഓപ്പറേഷൻ ടീമുകളിൽ ഒന്ന്, ഇതേ ഗറില്ലാ ആർമി വിരിച്ച വലയിലേക്ക് ചെന്ന് കയറിക്കൊടുക്കുകയുമാണ് ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 

പ്രദേശത്ത് പരമാവധി  60 -70 മാവോയിസ്റ്റുകൾ മാത്രമേ ഉണ്ടാകൂ എന്ന പ്രതീക്ഷയിലാണ് നാനൂറുപേരടങ്ങുന്ന സംഘമായി സുരക്ഷാ സേന വന്നതെങ്കിലും, ഒളിച്ചിരുന്ന മാവോയിസ്റ്റുകളുടെ എണ്ണം അതിലും എത്രയോ കൂടുതലായിരുന്നു. ഒളിച്ചിരുന്ന് ആക്രമിച്ച് ജവാന്മാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകൾ അവരുടെ ആയുധങ്ങളും, റേഡിയോ സീറ്റുകളും, ബൂട്സുകൾ വരെയും ഊരിക്കൊണ്ടു പോയി എന്നാണ് രക്ഷപ്പെട്ട മറ്റുള്ള സൈനികർ പറയുന്നത്. എന്തായാലും ഈ അക്രമണത്തോടെ കാട്ടിൽ അവശേഷിക്കുന്ന മാവോയിസ്റ്റുകൾക്കായുള്ള കൂടുതൽ ബലപ്പെടുത്തിയിരിക്കുകയാണ് സുരക്ഷാ സേനകൾ.