Asianet News MalayalamAsianet News Malayalam

കൊവിഡിനെതിരെ പോരാട്ടം; മോദിയെ അഭിനന്ദനം കൊണ്ട് മൂടി മൈക്രോസോഫ്റ്റ് സ്ഥാപകന്‍

ഡിജിറ്റല്‍ മേഖലയിലും കുതിപ്പ് നടത്തുന്ന മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ബില്‍ഗേറ്റ്സ് പറഞ്ഞു. ഡിജിറ്റല്‍ രംഗത്തെ എല്ലാ കഴിവും സര്‍ക്കാര്‍ കൊവിഡിനെ നേരിടാന്‍ ഉപയോഗിക്കുന്നുണ്ട്.

bill gates appreciate pm modi for flatten covid 19 curve in india
Author
Delhi, First Published Apr 23, 2020, 9:58 AM IST

ദില്ലി: കൊവിഡ് 19 വൈറസ് ബാധയെ നേരിടാനുള്ള പോരാട്ടം നടത്തുന്നതില്‍ പുലര്‍ത്തുന്ന മികവിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ്. ഇന്ത്യയില്‍ കൊവിഡ് ബാധിക്കുന്നവരുടെ നിരക്ക് കുറയ്ക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും  സര്‍ക്കാരും സ്വീകരിച്ച സജീവമായ നടപടികളെ നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ ബില്‍ഗേറ്റ്സ് അഭിനന്ദിച്ചു.

രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക, ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ഐസോലേഷന്‍ ചെയ്യുക, അവിടെ പരിശോധനകളുടെ തോത് വര്‍ധിപ്പിക്കുക, ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ പണം വകയിരുത്തുക, ഗവേഷണവും വികസനവും പ്രോത്സാഹിപ്പിച്ച് ഡിജിറ്റല്‍ മേഖലയിലും കുതിപ്പ് നടത്തുന്ന മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ബില്‍ഗേറ്റ്സ് പറഞ്ഞു.

ഡിജിറ്റല്‍ രംഗത്തെ എല്ലാ കഴിവും സര്‍ക്കാര്‍ കൊവിഡിനെ നേരിടാന്‍ ഉപയോഗിക്കുന്നുണ്ട്. കൊറോണ വൈറസിനെ നേരിടാന്‍ ആരോഗ്യസേതു ആപ്പ് അവതരിപ്പിച്ചതിനെയും ബില്‍ഗേറ്റ്സ് അഭിനന്ദിച്ചു.  അതേസമയം, ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം താത്കാലികമായി നിര്‍ത്തിയ അമേരിക്കന്‍ പ്രസിഡന്റിന്‍റെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം  ബില്‍ഗേറ്റ്സ് രംഗത്ത് വന്നിരുന്നു.

ലോകാരോഗ്യ സംഘടനയെ ലോകത്തിന് മറ്റേത് സമയത്തേക്കാളും ആവശ്യമുള്ള നേരമാണിതെന്ന് ബില്‍ഗേറ്റ്സ് ട്വീറ്റില്‍ പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തുന്നത് അപകടകരമാണ്. കൊവിഡ് 19 ന്റെ വ്യാപനത്തെ മന്ദഗതിയിലാക്കുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്ക് പ്രധാന പങ്കാണുള്ളത്.അവർ ആ ജോലി നിർത്തിയാൽ മറ്റൊരു സംഘടനയ്ക്കും അതിനെ മാറ്റി സ്ഥാപിക്കാൻ കഴിയില്ലെന്നും ബില്‍ഗേറ്റ്സ് വിശദമാക്കി. 

Follow Us:
Download App:
  • android
  • ios