ഭോപ്പാല്‍: ലൗ ജിഹാദിനെതിരെ അടുത്ത നിയമസഭ സമ്മേളനത്തില്‍ നിയമം നടപ്പാക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിന തടവ് ഉറപ്പാക്കുന്ന നിയമമാണ് നിര്‍മ്മിക്കുകയെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു. നേരത്തെ ലൗ ജിഹാദിനെതിരെ നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും അറിയിച്ചിരുന്നു. നിര്‍ബന്ധിത വിവാഹം, പ്രലോഭിപ്പിച്ചുള്ള മതപരിവര്‍ത്തനം എന്നിവ തടയുകയാണ് ലക്ഷ്യമെന്ന് നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. 

ലൗ ജിഹാദ് കേസുകള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും രജിസ്റ്റര്‍ ചെയ്യുക. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രതികള്‍ക്ക് സഹായം ചെയ്യുന്നവരെയും പ്രതിയാക്കും. വിവാഹത്തിനായി സ്വമേധയാ മതം മാറണമെങ്കില്‍ ഒരുമാസം ദിവസം മുമ്പ് കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് കര്‍ണാടകയും ഹരിയാനയും വ്യക്തമാക്കിയിരുന്നു. അതേസമയം, ലൗ ജിഹാദ് എന്ന പേരില്‍ രാജ്യത്ത് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്.