ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ അടുത്ത ചൊവ്വാഴ്ച വാദം തുടരും. തെളിവുകൾ സമർപ്പിക്കാൻ ഇഡി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സെഷന്‍സ് കോടതി നടപടി. നിലവില്‍ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിക്കെതിരെ ബിനീഷ് കർണാടക ഹൈക്കോടതിയെ സമീപിച്ചു. മയക്കുമരുന്ന് കേസില്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ബിനീഷ് നല്‍കിയ മുന്‍കൂർജാമ്യഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും. 

ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകൾ മാത്രം ചൂണ്ടിക്കാണിച്ച് ഇഡി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു. ഹോട്ടല്‍ വ്യവസായത്തിനായി 39 ലക്ഷം രൂപ മാത്രമാണ് ബിനീഷ് ആകെ മുഹമ്മദ് അനൂപിന് കൈമാറിയത്. അനൂപിന്‍റെ ലഹരി ഇടപാടുകളെ കുറിച്ചറിയാതെയാണ് പണം നല്‍കിയത്. 7 സിനിമകളില്‍ അഭിനയിച്ചപ്പോൾ ലഭിച്ച പ്രതിഫലത്തുക അടക്കം ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്‍റെ ഇന്നോവ കാർ ലോണെടുത്ത് വാങ്ങിയതാണ്. ഈ വിവരങ്ങളൊക്കെ അറിയിച്ചിട്ടും ഇഡി അന്യായമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ബിനീഷ് മയക്കുമരുന്ന് ഇടപാടിലൂടെ കോടികൾ സമ്പാദിച്ചെന്ന ഇഡി ആരോപണത്തിന് മറുപടിയായാണ് സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് ബിനീഷിന്‍റെ അഭിഭാഷകർ കോടതിയില്‍ വിശദീകരിച്ചത്.

എന്നാൽ ബിനീഷിന്‍റെ ജാമ്യാപേക്ഷ ഇപ്പോൾ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഇഡി അഭിഭാഷകന്‍ വാദിച്ചു. തെളിവുകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും ബിനീഷിപ്പോൾ എന്‍സിബിയുടെ കസ്റ്റഡിയിലാണുള്ളതെന്നും ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വാദം തുടരാമെന്ന് കോടതി നിർദേശിച്ചത്.

ബെംഗളൂരു എൻസിബി ആസ്ഥാനത്തു ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അടുത്ത വെള്ളിയാഴ്ച വരെയാണ് ബിനീഷിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം തനിക്കെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയില്‍ രണ്ട് ഹർജികൾ നല്‍കി. മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുന്നതിനെതിരെ നല്‍കിയ മുന്‍കൂർ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. ഇഡി അറസ്റ്റ് അന്യായമാണെന്നു കാട്ടി നല്‍കിയ ഹ‍ർജിയും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേരോട് ഇഡി ആസ്ഥാനത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരും ഹാജരായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.