ബെം​ഗളൂരു: മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു. ബെം​ഗളൂരു സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയാണ് എൻസിബി സംഘം ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങിയത്. 

ഇഡിയുടെ ചോദ്യം ചെയ്യല്ലിന് ശേഷം ബെം​ഗളൂരുവിലെ പരപ്പന അ​ഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ബിനീഷ്. കസ്റ്റഡിയിൽ വാങ്ങിയ ബിനീഷിനെ എൻസിബി ഓഫീസിലേക്ക് കൊണ്ടു പോകും എന്നാണ് സൂചന. 

മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയും ബിനീഷിൻ്റെ സുഹൃത്തുമായിരുന്ന മുഹമ്മദ് അനൂപിനെ നേരത്തെ തന്നെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു, അനൂപിനെ കൂടാതെ ചലച്ചിത്ര നടി സഞ്ജന ഗൽറാണിയടക്കമുള്ളവരേയും കേസിൽ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. അനൂപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് ഇഡി ബിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തത്. എൻസിബി ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതോടെ എൻസിബിയും ബിനീഷിനെതിരെ കേസെടുക്കാനാണ് സാധ്യത.