ബെംഗളൂരു: എൻസിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി. വീഡിയോ കോൺഫറൻസിങ് വഴിയാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്. ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചു. നാല് ദിവസമാണ് ബിനീഷിനെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ ചോദ്യം ചെയ്തത്. 

അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇഡി കണ്ടെത്തിയ പ്രമുഖ വ്യവസായി അബ്ദുൽ ലത്തീഫിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബെംഗളൂരു ഇഡി ആസ്ഥാനത്ത് രാവിലെ 10 മണിക്കാണ് അബ്ദുൽ ലത്തീഫ് ഹാജരായത്. ബിനീഷ് ലഹരി ഇടപാടിലൂടെ സമ്പാദിച്ച പണം അബ്ദുൽ ലത്തീഫ് വഴി വിവിധ ബിസിനസുകളിൽ നിക്ഷേപിച്ചെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. നേരത്തെ രണ്ടു തവണ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴും ക്വാറന്‍റീനിലാണെന്ന കാരണം പറഞ്ഞു ലത്തീഫ് ഹാജരായിരുന്നില്ല.