മകളെയും കൊച്ചുമകനെയും മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് യുവതിയുടെ അമ്മയും ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദ്: യുവതി 10 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടതിനെ തുടർന്ന് കുട്ടിയുടെ മുത്തശ്ശിയും ജീവനൊടുക്കാൻ ശ്രമിച്ചു. ഹൈദരാബാദിലാണ് സംഭവം.

27കാരിയായ സുഷമയും ചാർട്ടേഡ് അക്കൗണ്ടന്‍റായ യശ്വന്ത് റെഡ്ഡിയും നാല് വർഷം മുൻപാണ് വിവാഹിതരായത്. യശവർധൻ റെഡ്ഡി എന്നാണ് ദമ്പതികളുടെ 10 മാസം പ്രായമുള്ള മകന്‍റെ പേര്. അടുത്ത കാലത്തായി ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. സുഷമ അമ്മ ലളിതയുടെ വീട്ടിൽ കുടുംബത്തിലെ ഒരു ചടങ്ങുമായി ബന്ധപ്പെട്ട ഷോപ്പിംഗിനായി വന്നതായിരുന്നു. സുഷമ തന്‍റെ കുഞ്ഞിനൊപ്പം മറ്റൊരു മുറിയിലേക്ക് പോയി കുട്ടിക്ക് വിഷം നൽകി ജീവനൊടുക്കുകയായിരുന്നു.

രാത്രി 9:30ഓടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യശ്വന്ത് റെഡ്ഡി, കിടപ്പുമുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ ഭാര്യയും മകനും അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു. മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് പൊലീസിനെ അറിയിച്ചു. മകളും കൊച്ചുമകനും മരിച്ചുകിടക്കുന്നത് കണ്ട ലളിത ജീവനൊടുക്കാൻ ശ്രമിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം കുടുംബത്തിന് കൈമാറും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)