2017 ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ വെളിപ്പെടുത്തല്‍. 

ദില്ലി: പെഗാസസ് (Pegasus) പ്രശ്നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എംപി ബിനോയ് വിശ്വം (Binoy Viswam) രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്. സഭ നിർത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. പെഗാസസില്‍ പുറത്തുവന്ന അങ്ങേയറ്റം ഗൗരവതരമായ ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ സുതാര്യത പുലർത്തുകയോ മറുപടി നൽകുകയോ ചെയ്തില്ലെന്ന് നോട്ടീസ് കുറ്റപ്പെടുത്തുന്നു.

2017 ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ വെളിപ്പെടുത്തല്‍. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നതായിരുന്നു വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലില്‍ നടത്തിയ സന്ദർശനത്തിനിടെ പെഗാസസ് വാങ്ങാന്‍ ധാരണയായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

മിസൈല്‍ ഉള്‍പ്പെടെയുള്ള 200 കോടിയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തിയായിരുന്നു ചാരസോഫ്റ്റ്‍‍വെയറായ പെഗാസസ് വാങ്ങിയത്. പോളണ്ട്, ഹംഗറി, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കരാർ പ്രകാരം ഇസ്രയേല്‍ സോഫ്റ്റ്‍വെയര്‍ കൈമാറിയതായും പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും അടക്കം നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലില്‍ പാർലമെന്‍റില്‍ അടക്കം പ്രതിഷേധം നടന്നിരുന്നു.