തിരുവനന്തപുരം: ഇന്ത്യ വെളിയിട വിസർജന മുക്ത രാജ്യമായി തീർന്നുവെന്ന് ഒക്ടോബർ 2 ന് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്ക് തുറന്നകത്തുമായി ബിനോയ് വിശ്വം എം എല്‍ എ രംഗത്തെത്തിയത്. ഇതുവരെയുള്ള നേട്ടങ്ങളെല്ലാം ചേർത്ത് വച്ചാലും ലക്ഷ്യത്തിലെത്താൻ ഇന്ത്യക്ക് ഇനിയും ബഹുദൂരം സഞ്ചരിക്കാൻ ബാക്കിയുണ്ടാകുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വെളിയിടത്തിൽ മലവിസർജനം നടത്തിയെന്ന പേരില്‍ എട്ടുവയസുകാരനെയും പന്ത്രണ്ടുകാരിയെയും മധ്യപ്രദേശില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നെന്ന ആരോപണം വിശ്വസ്തരായ ആരെയെങ്കിലും കൊണ്ട് അന്വേഷിപ്പിക്കണമെന്നും അത് സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ഒക്‌ടോബർ 2 ലെ പ്രസംഗത്തില്‍ അത് പരാമര്‍ശിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടിട്ടുണ്ട്.

കത്തിന്‍റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജി,

ഇന്ത്യ വെളിയിട വിസർജന മുക്ത രാജ്യമായി തീർന്നുവെന്ന് ഒക്ടോബർ 2 ന് അങ്ങ് പ്രഖ്യാപിക്കാൻ പോവുകയാണല്ലോ. രാജ്യത്തെവിടെയും വെളിയിട വിസർജനമില്ല എന്ന് പ്രഖ്യാപിക്കാനുള്ള അങ്ങയുടെ ആകാംക്ഷ എനിക്ക് മനസിലാക്കാൻ കഴിയും. എന്നാൽ ആ പ്രഖ്യാപനത്തിന് രാജ്യത്തിലെ യാഥാർത്ഥ്യങ്ങളുമായി എത്രമാത്രം പൊരുത്തമുണ്ടെന്ന് സംശയിക്കുന്ന ദശലക്ഷക്കണക്കിന് ഭാരതീയരിൽ ഒരാളാണ് ഞാൻ. ഈ ദിശയിൽ രാജ്യത്ത് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നല്ല എന്‍റെ വാദം. അത്തരം നേട്ടങ്ങളെല്ലാം ചേർത്തുവച്ചാലും ലക്ഷ്യത്തിലെത്താൻ ഇന്ത്യക്ക് ഇനിയും ബഹുദൂരം സഞ്ചരിക്കാൻ ബാക്കിയുണ്ടാകും.

തീവണ്ടിയിൽ സഞ്ചരിക്കുമ്പോഴെല്ലാം പുലർവേളയിൻ ഞാൻ പുറത്തേക്ക് നോക്കാറുണ്ട്. അപ്പോൾ എത്രയോ സ്ത്രീ-പുരുഷൻമാർ വെളിക്കിറങ്ങുന്ന കാഴ്ചയാണ് കാണേണ്ടി വരുന്നത്‌ ! അവരാരും തുറന്ന സ്ഥലത്തിരുന്ന് മലവിസർജനം നടത്താൻ മോഹിക്കുന്നവരല്ല. അവരുടെ വീടുകളിൽ ശൗചാലയങ്ങൾ ഇല്ലാത്തത് കൊണ്ടാണ് ആ പാവങ്ങൾക്ക് ഈ ഗതി കെട്ട അവസ്ഥയുണ്ടാകുന്നത്. ഈ ദുരവസ്ഥ നേരിട്ട് മനസിലാക്കാൻ അങ്ങ് അതി രാവിലെ ഉത്തരേന്ത്യയിൽ എവിടെയെങ്കിലും ഒരു തീവണ്ടിയിൽ സഞ്ചരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അപ്പോൾ ഞാൻ പറഞ്ഞതിലെ സത്യം അങ്ങേക്ക് മനസിലാകും. ഇത്തരം സത്യങ്ങൾക്ക് നേരെ കണ്ണടച്ചു കൊണ്ട് ഇന്ത്യ വെളിയിട വിസർജന വിമുക്ത രാജ്യമായെന്ന് പ്രഖ്യാപിക്കുന്നതിന്‍റെ അർത്ഥമെന്താണ്? സത്യത്തിന് നിരക്കാത്ത ഇത്തരമൊരു പ്രഖ്യാപനത്തിന് 'സത്യമാണ് ദൈവം' എന്ന് പറഞ്ഞ മഹാത്മാഗാന്ധിയുടെ പേര് ഉപയോഗപ്പെടുത്തുന്നത് എന്തിനാണ്?

വാഗ്ധോരണിയിലും പ്രചാരണ കലയിലും അങ്ങേക്ക് ഉളള പാടവം ആരാലും ചോദ്യം ചെയ്യപ്പെടില്ല. അങ്ങ് പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്ര ധാരയുടെ ഭാഗമാണത്. ഈ വസ്തുത അറിഞ്ഞു കൊണ്ടു തന്നെ ഞാൻ അങ്ങയോട് ഒരഭ്യർത്ഥന നടത്തുകയാണ്: ഒക്ടോബർ 2 ന് ഗുജറാത്തിൽ നടത്താനിരിക്കുന്ന പ്രഖ്യാപനത്തിന് മുമ്പ് മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഭാവ് ഖേദി ഗ്രാമത്തിലെ ബാബ് ലു വാത്മീകി നെപ്പറ്റി ദയവായി അങ്ങ് അന്വേഷിക്കണം. വെളിയിടത്തിൽ മലവിസർജനം നടത്തിയതിന്റെ പേരിൽ ഒരു പറ്റം മനുഷ്യമൃഗങ്ങൾ അടിച്ചു കൊന്ന എട്ട് വയസുകാരന്റെ അച്ഛനാണ് ബാബ് ലു. അതേ കുറ്റത്തിന്‌ ബാബ് ലു വിന്‍റെ 12 വയസുള്ള കൊച്ചു പെങ്ങളെയും ആ മൃഗങ്ങൾ തല്ലി കൊന്നുകളഞ്ഞു. 

സ്വാതന്ത്ര്യത്തിന് 72 വയസ് കഴിഞ്ഞിട്ടും ഇത്തരം ക്രൂരതകൾക്ക് അറുതി വരുത്താൻ നമുക്ക് സാധിക്കുന്നില്ലെന്നത് അപമാനകരമാണ്. "വലിയവരു'ടെ ആഘോഷങ്ങളിൽ ദഫ് ലി കൊട്ടി പാടുകയാണ് ബാബ് ലി വാത്മീ കിന്റെ തൊഴിൽ. ഈ കുഞ്ഞുങ്ങളെ തല്ലിക്കൊന്നവരിൽ ഒരാളിന്‍റെ മകളുടെ വിവാഹത്തിന് ഏതാനും മാസം മുമ്പ് അയാൾ ദഫ് ലി കൊട്ടിയതാണ്. സ്വന്തം വീട്ടിൽ ശൗചാലയം ഇല്ലാത്തത് കൊണ്ട് പറമ്പിൽ വെളിക്കിറങ്ങിയ ആ കുഞ്ഞുങ്ങളെ തല്ലിക്കൊന്നപ്പോൾ അവരാരും ഇതൊന്നുമോർത്തില്ല.

ഗ്രാമത്തിലെ പള്ളിക്കൂടത്തിൽ എല്ലാവർക്കം ഒപ്പമിരിക്കാൻ അനുമതിയില്ലാത്ത, കുഴൽക്കിണറിൽനിന്നു വെള്ളമെടുക്കാൻ ഏറ്റവും ഒടുവിൽ വരെ കാത്തിരിക്കേണ്ടി വന്ന ആ കുഞ്ഞുങ്ങൾ ഒടുവിൽ വെളിക്കിറങ്ങിയതിന്‍റെ പേരിൽ കൊല ചെയ്യപ്പെട്ടു. അവരെ ഓർത്ത് തോരാ കണ്ണീരുമായി കഴിയുകയാണ് ബാബ് ലുവും കുടുംബവും. ഇത്തരം മനുഷ്യരുടെ കണ്ണിൽ നിന്ന് അവസാനത്തെ കണ്ണീർ തുളളിയും ഒപ്പിയെടുക്കാൻ മോഹിച്ചിരുന്നു, രാഷ്ട്രപിതാവായ ഗാന്ധിജി. അദ്ദേഹത്തിനു നേർക്ക് നിറയൊഴിക്കുമ്പോൾ, അത്തരം മോഹങ്ങളെ കൂടി കൊല ചെയ്യുകയായിരുന്നോ ഗോഡ്സെയുടെ ലക്ഷ്യം?

എന്‍റെ അപേക്ഷ ഇത്ര മാത്രമാണ്: ഗാന്ധി സ്മൃതിയുടെ തണലിൽ നിന്നു കൊണ്ട് ഇന്ത്യയെ വെളിയിട വിസർജനമുക്ത രാജ്യമായി പ്രഖ്യാപിക്കും മുമ്പ് ബാബ് ലു വാത്മീകിന്റെ തീരാ ദു:ഖത്തെക്കുറിച്ച് വിശ്വസ്തരായ ആരെയെങ്കിലും കൊണ്ട് അങ്ങ് അന്വേഷിപ്പിക്കണം. അത് സത്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ഒക്‌ടോബർ 2 ന്‍റെ പ്രസംഗത്തിന്‍റെ ഒടുവിലെങ്കിലും വെളിക്കിറങ്ങിയതിന്‍റെ പേരിൽ തല്ലിക്കൊല്ലപ്പെട്ട ഭാവ് ഖേദിയിലെ ആ കുഞ്ഞുങ്ങൾക്കു വേണ്ടി അങ്ങ് ഒരു വാക്കെങ്കിലും പറയണം.

സ്നേഹാദരങ്ങളോടെ

ബിനോയ് വിശ്വം എം പി.