ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞെങ്കിലും സഞ്ചാരപാതയില്‍ മഴയും കാറ്റും ശക്തമായി തുടരുന്നുണ്ട്. ചുഴലിക്കാറ്റിന് ഇന്ന് വൈകിട്ടോടെ 50- 60 കിലോമീറ്റ‍ർ വേഗതയായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

അഹമ്മദാബാദ്: ബിപോ‍ർജോയ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുജറാത്തിൽ 23 പേര്‍ക്ക് പരിക്കേറ്റുവെന്ന് എൻഡിആ‍‍ർഎഫ് ഡയറക്ടർ ജനറല്‍ അതുല്‍ കർവാള്‍ വ്യക്തമാക്കി. അതേസമയം ചുഴലിക്കാറ്റ് കരയിലെത്തുന്നതിന് മുൻപാണ് രണ്ട് പേർ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 24 മൃഗങ്ങള്‍ ചത്തുവെന്നും ആയിരത്തോളം ഗ്രാമങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 800 മരങ്ങള്‍ കടപുഴകി വീണുവെന്നും അതുല്‍ കർവാള്‍ പറഞ്ഞു. എൻഡിആർഎഫ് സംഘത്തെ രാജസ്ഥാനിലെ ജലോറിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

ബിപോർജോയ് ചുഴലിക്കാറ്റിന്റെ വേഗത 125 കിലോമീറ്റർ ആയിരുന്നത് ഇപ്പോള്‍ നൂറില്‍ താഴെയായി കുറഞ്ഞുവെന്നും ഔദ്യോഗിക അറിയിപ്പ് വന്നിട്ടുണ്ട്. ഇത് ശുഭസൂചനയാണ്. ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നത് പ്രഹരശേഷിയും കുറയ്ക്കും. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടത്. ബിപോർജോയ് ചുഴലിക്കാറ്റ് കച്ച് സൗരാഷ്ട്ര മേഖലയിലെ തീരപ്രദേശങ്ങളില്‍ വലിയ നാശനഷ്ടം വിതച്ചാണ് കടന്നുപോയത്. 

ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലകളില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേരെ ഒഴുപ്പിച്ചിരുന്നു. അതിനാല്‍ വലിയ ആള്‍നാശം ഒഴിവാക്കാനായി. നാലിയ, ജഖാവു, അബ്ദാസ, ദയാപൂര്‍ തുടങ്ങിയ കച്ചിലെ പ്രദേശങ്ങളിലാണ് ഏറ്റവും നാശനഷ്ടം ഉണ്ടായത്. 800 ലധികം മരങ്ങള്‍ കടപുഴകി വീണെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. പലയിടങ്ങളിലും വാഹനങ്ങള്‍ തകർന്നു. അതിർത്തി മേഖലകളില്‍ ആശയവിനിമയം സംവിധാനം തകർന്ന് കിടക്കുകയാണ്. 

ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞെങ്കിലും സഞ്ചാരപാതയില്‍ മഴയും കാറ്റും ശക്തമായി തുടരുന്നുണ്ട്. ചുഴലിക്കാറ്റിന് ഇന്ന് വൈകിട്ടോടെ 50- 60 കിലോമീറ്റ‍ർ വേഗതയായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈദ്യുത പോസ്റ്റുകള്‍ വ്യാപകമായി തക‍ർന്നതോടെ മുന്‍കരുതലായി പല മേഖലകളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. 

ഇന്നലെ അർധരാത്രിയോടെ ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ കേന്ദ്രഭാഗം ഗുജറാത്ത് തീരത്തേക്ക് എത്തിയപ്പോൾ മണിക്കൂറിൽ 115 മുതല്‍ 125 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വിശീയത്. ഗുജറാത്തില്‍ നിന്ന് ബിപോർജോയ് രാജസ്ഥാനിലേക്ക് നീങ്ങുന്നതിനാല്‍ ഇന്നും നാളെയും രാജസ്ഥാനില്‍ അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തിയിരുന്നു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് ജാംനഗർ വിമാനത്താളവത്തില്‍ വ്യോമഗതാഗതം ഇന്നും ഉണ്ടാകില്ല. ഇതോടൊപ്പം 99 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

YouTube video player