ദില്ലി: നടക്കാത്ത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പാകിസ്ഥാന്‍ മുന്നോട്ടുപോകരുതെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാന്‍റ ഭാഗത്ത് നിന്നും അത്തരം ശ്രമങ്ങളുണ്ടായാല്‍ കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക. ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ മുന്നോട്ടുപോകുമെന്നും പ്രതിരോധ സേന ഒരിക്കലും പുറകോട്ട് പോകില്ലെന്നും കരസേനാ മേധാവി പറഞ്ഞു. 

 ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ വീരസൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് പുഷ്പചക്രം അര്‍പ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുമയായി ബിപിന്‍ റാവത്ത് കൂടിക്കാഴ്ചയും നടത്തി. സൈനിക മേധാവികളുടെ നേതൃത്വത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ ചടങ്ങുകള്‍ അവസാനിച്ചു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ദ്രാസില്‍ എത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദ്രാസിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.