Asianet News MalayalamAsianet News Malayalam

കണ്ണീരിൽ കുതിർന്ന് 10 വയസുകാരിയുടെ ജന്മദിനാഘോഷം; പ്രശ്നമുണ്ടായത് കേക്കിൽ നിന്നുതന്നെയെന്ന് പരിശോധയിൽ കണ്ടെത്തി

മരണത്തിന് ഏതാനും മണിക്കൂറുകൾ മുമ്പ് മാൻവി കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിക്കുന്നതും ആഘോഷിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച നൊമ്പരപ്പെടുത്തുന്ന വീഡിയോയിൽ കാണാം.

birthday celebration of 10 year old child drenched in tears report finds artificial sweetener in cake
Author
First Published Apr 22, 2024, 4:49 PM IST

ജന്മദിനത്തിൽ കേക്ക് കഴിച്ചതിന് പിന്നാലെ പത്ത് വയസുകാരി കുഴങ്ങുവീണ് മരിച്ച സംഭവത്തിൽ വില്ലനായത് കേക്ക് തന്നെയെന്ന് കണ്ടെത്തി. മാർച്ച് 24ന് നടന്ന മരണത്തെ തുടർന്ന് നടത്തിയ പരിശോധനാ ഫലമാണ് ജില്ലാ മെഡിക്കൽ ഓഫീസർ വെളിപ്പെടുത്തിയത്. കേക്കിൽ മധുരം കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന രാസവസ്തു അമിതമായി ചേർത്തതാണ് മരണ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബേക്കറിയിൽ നിന്ന് ഓൺലൈനായാണ് പെൺകുട്ടിയുടെ കുടുംബം കേക്ക് വാങ്ങിയത്.

മാർച്ച് 24നാണ് പഞ്ചാബ് സ്വദേശിയായ പത്ത് വയസുകാരി മാൻവി തന്റെ ജന്മദിനത്തിൽ മരണപ്പെട്ടത്. ചോക്കലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ വീട്ടിലെ എല്ലാവർക്കും ശാരീരിക അവശതകളുണ്ടായിരുന്നു. പാട്യാലയിലെ കേക്ക് കൻഹ എന്ന കടയിൽ നിന്നാണ് ഓൺലൈനായി കുടുംബം കേക്ക് ഓർഡർ ചെയ്തിരുന്നത്. മരണത്തിന് ഏതാനും മണിക്കൂറുകൾ മുമ്പ് മാൻവി കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിക്കുന്നതും ആഘോഷിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച നൊമ്പരപ്പെടുത്തുന്ന വീഡിയോയിൽ കാണാം.

കേക്ക് കഴിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ കുടുംബത്തിലെ എല്ലാവർക്കും ശാരീരിക അവശതകളുണ്ടായി. മാൻവിയും ഇളയ സഹോദരിയും ഛർദിക്കുകയും വായിൽ അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തു. പിന്നാലെ മാൻവി ബോധരഹിതയായി. വീട്ടുകാർ  ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേക്കാണ് പ്രശ്നമെന്ന് വീട്ടുകാർ അന്ന് തന്നെ ആരോപിച്ചിരുന്നു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കേക്കിന്റെ അവശിഷ്ടം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മധുരം ലഭിക്കാനായി ചേർക്കുന്ന കൃത്രിമ രാസവസ്തുവായ സാക്കറിൻ അമിത അളവിൽ കേക്കിൽ ചേർന്നിരുന്നതായി കണ്ടെത്തി. ഭക്ഷണങ്ങളിലും പാനീയങ്ങളിലും ചെറിയ അളവിൽ സാക്കറിൻ ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ അളവ് കൂടുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് വളരെ വേഗത്തിൽ കൂടാൻ ഇടയാക്കും. ബേക്കറി ഉടമയെക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇതിനോടകം തന്നെ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios