Asianet News MalayalamAsianet News Malayalam

പാക്കിസ്ഥാന്റെ ഇളവ് വേണ്ട: കിർഗിസ്ഥാനിലേക്ക് പ്രധാനമന്ത്രി മോദി ഒമാൻ വഴി പോകും

പാക്കിസ്ഥാന്റെ വ്യോമപരിധിക്ക് മുകളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനം പറക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

Bishkek visit PM modi's plane wont use Pak airspace chose to go via oman
Author
New Delhi, First Published Jun 12, 2019, 5:06 PM IST

ദില്ലി: കിർഗിസ്ഥാനിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പോകുന്ന ഇന്ത്യൻ പ്രധാനമന്ത്രി പാക്കിസ്ഥാന്റെ വ്യോമപരിധിക്ക് മുകളിലൂടെ പറക്കില്ല. ഇന്ത്യൻ പ്രധാനമന്ത്രിയുടെ യാത്രക്ക് പാക്കിസ്ഥാൻ ഇളവ് നൽകിയത് തിരസ്കരിച്ചാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.  ഈ വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന എസ്‌സിഒ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിർഗിസ്ഥാനിലേക്ക് പോകുന്നത്.

കിര്‍ഗിസ്ഥാനിലെ ബിഷ്കേകിലാണ് ഉച്ചകോടി നടക്കുന്നത്. പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ബാലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് യാത്രാനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് വിദേശകാര്യ മന്ത്രാലയം ഈ ഇളവ് വേണ്ടെന്ന് പറഞ്ഞത്.

പാക് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ വ്യോമസേന മെയ് 31ന് നീക്കിയിരുന്നു. എന്നാൽ വാണിജ്യ സർവ്വീസുകൾക്കുള്ള വിലക്ക് പാക്കിസ്ഥാൻ ഇപ്പോഴും തുടരുകയാണ്. മെയ് 21 ന് എസ് സി ഒ യോഗത്തിൽ പങ്കെടുക്കാൻ സുഷമ സ്വരാജ് പോയ വിമാനത്തിന് പാക്കിസ്ഥാന്റെ വ്യോമപരിധിയിലൂടെ സഞ്ചരിക്കാൻ പാക് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. പാക്ക് വിലക്കിനെ തുടർന്ന് ഇന്‍ഡിഗോയുടെ ദില്ലി-ഇസ്താംബൂള്‍ സര്‍വീസ് ഇനിയും തുടങ്ങാനായിട്ടില്ല. ദില്ലി-യുഎസ് നോണ്‍സ്റ്റോപ് വിമാനങ്ങളുടെ സര്‍വീസും പ്രതിസന്ധിയിലാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പോകുന്ന വിമാനത്തിന്റെ യാത്രസമയം കുറയ്ക്കുന്നതിനു വേണ്ടിയാണ് പാക്ക് വ്യോമപാത വിദേശകാര്യ മന്ത്രാലയം മുൻപ് തിരഞ്ഞെടുത്തത്. എന്നാൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്ന വ്യോമസേനയുടെ വിവിഐപി വിമാനം ഒമാൻ, ഇറാൻ, പിന്നീട് മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളിലുടെ സഞ്ചരിച്ച് കിർഗിസ്ഥാനിൽ എത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഷാങ്ഹായ് ഉച്ചകോടിക്കിടെ നരേന്ദ്രമോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍, പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനുമായി ഉച്ചകോടിക്കിടെ ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios