ദില്ലി: രാജസ്ഥാനിൽ അശോക് ഗെല്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. രാജസ്ഥാൻ സർക്കാർ ബിജെപി നേതാക്കളുടെ ഫോൺ ടാപ്പിംഗ് നടത്തിയെന്നാണ് ആരോപണം. ബിജെപിയുടെ പ്രതിച്ഛായ ഇടിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും സംപീത് പാത്ര ആരോപിച്ചു.

രാജസ്ഥാനിൽ സർക്കാർ നേരിടുന്ന പ്രതിസന്ധിക്ക് പിന്നിൽ കള്ളപ്രചരണവും ഗൂഡാലോചനയുമാണ്. മുഖ്യമന്ത്രിയായ അശോക് ഗെല്ലോട്ടും ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റും തമ്മിൽ 18 മാസമായി സംസാരിച്ചിരുന്നില്ല. രാജസ്ഥാനിലെ പ്രതിസന്ധി ഹൈക്കമാന്റിന്റെ പരാജയമാണ്. നിയമവിരുദ്ധമായാണ് രാജസ്ഥാൻ സർക്കാർ ബിജെപി നേതാക്കളുടെ ഫോൺ ടാപ്പ് ചെയ്തത്. ബിജെപിയുടെ പ്രതിഛായ ഇടിക്കാൻ അശോക് ഗെലോട്ട് ശ്രമിക്കുന്നു. ഫോൺ ടാപ്പിംഗ് നടത്തിയതിനെ കുറിച്ച് സർക്കാർ വിശദ്ധീകരിക്കണമെന്നും സംപീത് പാത്ര ആവശ്യപ്പെട്ടു.

അതിനിടെ സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി. റിസോര്‍ട്ടില്‍ രാജസ്ഥാൻ പൊലീസ് എത്തിയെങ്കിലും എംഎല്‍എമാരെ കാണാനാകാതെ മടങ്ങി. സച്ചിൻ പൈലറ്റിനും ഒപ്പമുള്ള എംഎൽഎമാര്‍ക്കുമെതിരെ ചൊവ്വാഴ്ച വൈകുന്നേരം വരെ നടപടിയെടുക്കരുതെന്ന് സ്‍പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. 

മുഖ്യമന്ത്രിയെ എതിര്‍ത്തു എന്നത് അസാധുവാക്കാനുള്ള കാരണമല്ലെന്നാണ് സ്‍പീക്കറുടെ കാരണംകാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് രാജസ്ഥാൻ ഹൈക്കോടതിയിൽ സച്ചിൻ പൈലറ്റ് ഉയര്‍ത്തിയ വാദം. നിയമസഭ ചേരാതിരിക്കുമ്പോൾ വിപ്പിന് നിയമസാധുതയില്ല. സര്‍ക്കാരിനെ മറിച്ചിടാൻ ശ്രമിച്ചിട്ടില്ലെന്നും സച്ചിൻ പൈലറ്റിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. കേസിൽ തിങ്കളാഴ്ചയാണ് ഇനി വാദം  തുടരുക. ചൊവ്വാഴ്ച വൈകിട്ടുവരെ സ്പീക്കറുടെ നടപടി  തടഞ്ഞ ഹൈക്കോടതി തീരുമാനം സച്ചിൻ പൈലറ്റ് ക്യാമ്പിന് ആശ്വാസമായി.