ബിഹാറിലെ സ്വർണ്ണക്കടകളിൽ വർധിച്ചുവരുന്ന മോഷണങ്ങൾ തടയാൻ പുതിയ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി എട്ട് മുതൽ മുഖം മറച്ചെത്തുന്നവർക്ക് (ഹിജാബ്, ബുർഖ, മാസ്ക്, ഹെൽമറ്റ്) ജ്വല്ലറികളിൽ പ്രവേശനം അനുവദിക്കില്ല. 

പാറ്റ്ന: ബിഹാറിലെ സ്വർണ്ണക്കടകളിൽ ഉപഭോക്താക്കൾക്ക് പുതിയ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. മോഷണങ്ങളും കവർച്ചകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ആൻഡ് ഗോൾഡ് ഫെഡറേഷൻ നൽകിയ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ജനുവരി എട്ട് മുതൽ സംസ്ഥാനവ്യാപകമായി ഈ നിയമം പ്രാബല്യത്തിൽ വരും. ഹിജാബ്, നിഖാബ്, ബുർഖ എന്നിവ ധരിച്ചവർക്കും മാസ്ക്, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് മുഖം പൂർണ്ണമായോ ഭാഗികമായോ മറച്ചിട്ടുള്ളവർക്കും ജ്വല്ലറികളിൽ പ്രവേശനം അനുവദിക്കില്ല. മുഖം വ്യക്തമാക്കിയാൽ മാത്രമേ കടയ്ക്കുള്ളിലേക്ക് പ്രവേശനം നൽകൂ.

സ്വർണത്തിന്‍റെയും വെള്ളിയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജ്വല്ലറികൾ ലക്ഷ്യമിട്ടുള്ള മോഷണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. കടകളുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് വ്യാപാരികൾ അറിയിച്ചു. പുതിയ നിയമം സ്ത്രീപുരുഷ ഭേദമന്യേ എല്ലാവർക്കും ബാധകമാണ്. മുഖം മറച്ചു വരുന്നവരുമായി യാതൊരുവിധത്തിലുള്ള ക്രയവിക്രയങ്ങളും നടത്തരുതെന്ന് കടയുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

'നോ എൻട്രി' പോസ്റ്ററുകൾ

ഈ നടപടിയെ മതാടിസ്ഥാനത്തിലോ ജാതിയടിസ്ഥാനത്തിലോ കാണരുതെന്ന് സമസ്തിപൂർ എംപി ശാംഭവി ചൗധരി പറഞ്ഞു. ഇത് കേവലം സുരക്ഷാ മുൻകരുതൽ മാത്രമാണെന്നും അവർ വ്യക്തമാക്കി. പാറ്റ്ന, മുസാഫർപൂർ, ദർഭംഗ തുടങ്ങിയ നഗരങ്ങളിലെ കടകൾക്ക് മുന്നിൽ ഇതിനകം തന്നെ 'നോ എൻട്രി' പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഉത്തർപ്രദേശിലെ ഝാൻസി, മഥുര, അമേഠി തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഈ പുതിയ സുരക്ഷാ നയം കൃത്യമായ ഇടവേളകളിൽ പുനഃപരിശോധിക്കുമെന്നും എന്നാൽ തൽക്കാലം ഇത് കർശനമായി തുടരുമെന്നും ജ്വല്ലറി അസോസിയേഷനുകൾ അറിയിച്ചു.