കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന വിമര്‍ശനവുമായി ബിജെപി. ദില്ലി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ എത്രപേര്‍ക്ക് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്ന് വ്യക്തമാക്കാത്തതിനെതിരെയാണ് വിമര്‍ശനം.

നേരത്തെ, നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയ എത്രപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മമത ബാനര്‍ജി ഉത്തരം നല്‍കിയിരുന്നില്ല. ഇത്തരം വര്‍ഗീയ ചോദ്യങ്ങള്‍ ഒഴിവാക്കണം എന്നാണ് മമത നല്‍കിയ മറുപടി. ന്യൂനപക്ഷത്തിന്റെ പ്രീതിക്കായാണ് മമത ബാനര്‍ജി ഇങ്ങനെ ചെയ്യുന്നതെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാള്‍വ്യ പ്രതികരിച്ചു.

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പല സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ബംഗാളിലെ കാര്യത്തില്‍ മാത്രം ഒരു വ്യക്തതയുമില്ല. എത്ര പേരെ കണ്ടെത്തിയന്നോ എത്ര പേരെ പരിശോധന നടത്തിയെന്നോ അതിന്റെ ഫലം എന്താണെന്നോ ഒന്നും അറിയില്ലെന്ന് അമിത് ട്വീറ്റ് ചെയ്തു.

ബംഗാളിലെ കൊവിഡ് സാഹചര്യങ്ങളില്‍ ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് തമ്മിലടി രൂക്ഷമായിരിക്കുകയാണ്. നിലവില്‍ 87 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ഇന്നലെ മമത പറഞ്ഞത്. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം അത് 91 ആണ്. നേരത്തെ, ബംഗാളിലെ കൊവിഡ് മരണസംഖ്യ സംബന്ധിച്ചും ട്വിറ്ററില്‍ ബിജെപിയും തൃണമൂലും തമ്മിലടിച്ചിരുന്നു.