ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രം​ഗത്ത്. ദില്ലിയിലെ കൊവിഡ് നിയന്ത്രണം ആഭ്യന്തര മന്ത്രാലയത്തിന്റെ മാത്രം കടമയാണോ എന്നാണ് മാളവ്യയുടെ ചോദ്യം. പരസ്യം കൊടുക്കുക മാത്രമല്ലാതെ എന്താണ് കെജരിവാൾ ചെയ്യുന്നതെന്നും അമിത് മാളവ്യ ചോദിച്ചു.

രാജ്യതലസ്ഥാനമായ ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിച്ചിരുന്നു. ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ദില്ലിയില്‍ കുറഞ്ഞിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം ബെഡുകളും ഐസിയുകളും കൊവിഡ് രോഗികള്‍ക്കായി നീക്കിവെക്കാന്‍ ഹൈക്കോടതി ദില്ലി സര്‍ക്കാറിന് അനുമതി നല്‍കി. മറ്റ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോള്‍ ദില്ലി സര്‍ക്കാർ എല്ലാ നിയന്ത്രണങ്ങളും നീക്കിയതാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഒരാഴ്ചയായി വലിയ രീതിയിലാണ് ദില്ലിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ഇതിനിടെയാണ് കെജരിവാളിന് എതിരെ അമിത് മാളവ്യ രം​ഗത്തെത്തിയിരിക്കുന്നത്.