Asianet News MalayalamAsianet News Malayalam

മാപ്പ് പറയാന്‍ ഗാന്ധിജി സവര്‍ക്കറോട് ആവശ്യപ്പെട്ടോ?; ബിജെപിയും പ്രതിപക്ഷവും വാക്‌പോര്

ബ്രിട്ടീഷ് സര്‍ക്കാറിനോട് മാപ്പപേക്ഷിക്കാന്‍ ഗാന്ധി സവര്‍ക്കറോടാവശ്യപ്പെട്ടെന്നും ഗാന്ധിയുടെ അനുമതിയോടെയാണ് സവര്‍ക്കര്‍ മാപ്പെഴുതിയതെന്നുമാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. മാര്‍ക്‌സിസ്റ്റുകളും ലെനിനിസ്റ്റുകളും സവര്‍ക്കറെ തെറ്റായി ഫാസിസ്റ്റാണെന്ന് സ്ഥാപിക്കുകയുമായിരുന്നെന്ന് രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
 

BJP and Opposition fight over Rajnath remarks on Savarkar and Gandhiji
Author
New Delhi, First Published Oct 14, 2021, 10:45 AM IST

ദില്ലി: മഹാത്മാ ഗാന്ധിക്ക് (Mahathma Gandhi) കത്തെഴുതി അനുമതി വാങ്ങിയിട്ടാണ് ബ്രിട്ടീഷ് സര്‍ക്കാറിന് സവര്‍ക്കര്‍ (VD Savarkar)  മാപ്പെഴുതി നല്‍കിയതെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ(Rajnath Singh)  പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപിയും പ്രതിപക്ഷവും വാക്‌പോരില്‍. പ്രതിരോധ മന്ത്രിയുടെ പ്രസ്താവന വസ്തുതാപരമായി തെറ്റും നിലനില്‍ക്കാത്തതുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

മോദി സര്‍ക്കാറില്‍ കുറച്ച് അന്തസ്സോടെ സംസാരിക്കുന്ന നേതാവാണ് രാജ്‌നാഥ് സിങ്. പക്ഷേ ചരിത്രം തിരുത്തിയെഴുതുന്ന ആര്‍എസ്എസ് സംസ്‌കാരത്തില്‍ നിന്നും അദ്ദേഹവും മോചിതനല്ല. 1920 ജനുവരി 25ന് ഗാന്ധി സവര്‍ക്കറുടെ സഹോദരന് എഴുതിയ കത്താണ് അദ്ദേഹം തെറ്റിദ്ധരിപ്പിച്ച് പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് (Jairam Ramesh) പറഞ്ഞു. അധികം വൈകാതെ ഗാന്ധി വധത്തില്‍ ആരോപണവിധേയനായ സവര്‍ക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി(Asaduddin Owaisi)  വിമര്‍ശിച്ചു.

BJP and Opposition fight over Rajnath remarks on Savarkar and Gandhiji

രാജ്‌നാഥ് സിങ്ങിനെ അനുകൂലിച്ച് സവര്‍ക്കറുടെ ജീവചരിത്രമെഴുതിയ വിക്രം സമ്പത്ത് (Vikram Sampath) രംഗത്തെത്തി. രാജ്‌നാഥ് സിങ് പറയുന്നത് ശരിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. യങ് ഇന്ത്യയില്‍ ഗാന്ധി എഴുതിയ ലേഖനങ്ങളുള്‍പ്പെടെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ (Amit Malavya) ട്വീറ്റ് ചെയ്തു. സവര്‍ക്കറുടെ സഹോദരന്മാരുടെ കഴിവ് രാജ്യത്തിനുപയോഗപ്പെടുത്തണമെന്ന് ഗാന്ധി പറഞ്ഞതായി മാളവ്യ അവകാശപ്പെട്ടു.

സവര്‍ക്കറുടെ സഹോദരന് ഗാന്ധി എഴുതിയ കത്തില്‍ സവര്‍ക്കറെ രാജ്യസ്‌നേഹിയെന്നും വിപ്ലവകാരിയെന്നും പുകഴ്ത്തുന്നതായും അമിത് മാളവ്യ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രാജ്‌നാഥ് സിങ് ചര്‍ച്ചക്ക് വഴിവെച്ച പരാമര്‍ശം നടത്തിയത്. ബ്രിട്ടീഷ് സര്‍ക്കാറിനോട് മാപ്പപേക്ഷിക്കാന്‍ ഗാന്ധി സവര്‍ക്കറോടാവശ്യപ്പെട്ടെന്നും ഗാന്ധിയുടെ അനുമതിയോടെയാണ് സവര്‍ക്കര്‍ മാപ്പെഴുതിയതെന്നുമാണ് രാജ്‌നാഥ് സിങ് പറഞ്ഞത്.

മാര്‍ക്‌സിസ്റ്റുകളും ലെനിനിസ്റ്റുകളും (marxists and Leninsts)  സവര്‍ക്കറെ തെറ്റായി ഫാസിസ്റ്റാണെന്ന് സ്ഥാപിക്കുകയുമായിരുന്നെന്ന് രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ (Nehru)  മോചനത്തിനായി 1923ല്‍ പിതാവ് മോത്തിലാല്‍ നെഹ്‌റുവും അപേക്ഷ നല്‍കിയിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios