ദില്ലി: അയോധ്യ വിഷയത്തിലെ സുപ്രീം കോടതി വിധി സ്വീകരിച്ച അതേ രീതിയിൽ തന്നെ ശബരിമല വിധിയെയും  സ്വീകരിക്കാൻ ആർഎസ്എസും ബിജെപിയും തയ്യാറാകണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിം​ഗ്. ശബരിമല സ്ത്രീപ്രവേശന വിഷയം പുനപരിശോധന ഹർജിയും മറ്റ് ഹർ‌ജികളും വിശാലബെഞ്ചിന് വിട്ട സുപ്രീം കോടതി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യ തർക്കം പോലെയുള്ള വിഷയത്തിൽ സുപ്രീം കോടതി തീരുമാനമെടുക്കണമെന്നാണ് കോൺ​ഗ്രസ് പാർട്ടി ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യ വിഷയത്തിലെ സുപ്രീം കോടതി വിധി എല്ലാ പാർട്ടികളും ഒരേപോലെ സ്വീകരിച്ചതിൽ  അദ്ദേഹം സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. 

ഇന്ദിരാഭവനിൽ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷവേളയിൽ പാർ‌ട്ടി നേതാക്കളെ അഭിസംബോധന ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ചരിത്രം മാറിക്കൊണ്ടിരിക്കുകയാണെന്നും സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം കളങ്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെക്കുറിച്ചും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെക്കുറിച്ചും കുട്ടികളെ ബോധവത്ക്കരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പ്രസം​ഗമധ്യേ അഭിപ്രായപ്പെട്ടു.