ദില്ലി: മഹാരാഷ്ട്രയിൽ ബിജെപി വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് കെ സി വേണുഗോപാൽ. നാളത്തെ വിശ്വാസവോട്ടെടുപ്പിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ബിജെപി നീക്കമെന്ന് വേണുഗോപാൽ ആരോപിച്ചു. ഭരണപക്ഷ എംഎൽഎമാരെ ബിജെപി ബന്ധപ്പെടുന്നുണ്ടെന്നും വേണുഗോപാൽ പറയുന്നു.

അസുഖമായത് കൊണ്ടാണ് സോണിയ ഗാന്ധി ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് പോകാത്തതെന്നും വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുലും സോണിയയും ഇന്നലെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നില്ല. ഇന്നലെയാണ് ഉദ്ധവ് താക്കറെയും ആറ് മന്ത്രിമാരും ശിവാജി പാർക്കിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തത്. നാളെയാണ് വിശ്വാസ വോട്ടെടുപ്പ്. 

ഇതിനിടെ ശിവസേന- എൻസിപി- കോൺഗ്രസ് ധാരണയിൽ പിന്നെയും മാറ്റമുണ്ടായി. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും. ഒരു ഉപമുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിനായിരുക്കും. സ്പീക്കർ സ്ഥാനം എൻസിപിക്കും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കോൺഗ്രസിനും നൽകാനാണ് പുതിയ ധാരണ.