Asianet News MalayalamAsianet News Malayalam

മകന്റെ വിവാഹത്തിന് മൂന്നേക്കർ‌ വലുപ്പത്തിൽ മണിമാളിക പണിത് ബിജെപി സ്ഥാനാർത്ഥി

വിശിഷ്ടമായ കൊത്തുപണികൾ, പ്രവേശനകവാടത്തിലെ ആനകളുടെ കൂറ്റൻ ശില്പം തുടങ്ങി രാജകീയ സൗകര്യങ്ങളോടുകൂടിയ കൊട്ടാരം വിദഗ്ധ ശിൽപികളുടെ മേൽനോട്ടത്തിൽ ഏഴുവർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.

BJP candidate Anand Singh builds a palace For his sons wedding in Hosapete
Author
Bangalore, First Published Nov 27, 2019, 10:03 AM IST

ബെംഗളൂരു: മകന്റെ വിവാഹത്തിന് മൂന്നേക്കർ‌ വലുപ്പത്തിൽ മണിമാളിക പണിത് കർണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി എസ് ആനന്ദ് സിം​ഗ്. വിശാലമായ നീന്തൽക്കുളവും ഹെലിപ്പാഡും ദർബാർ ഹാളും ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങളുള്ള കൊട്ടാരസദൃശഭവനമാണ് ആനന്ദ് സിം​ഗ് പണിക്കഴിപ്പിച്ചത്.

ഏഴേക്കർ പ്രദേശത്ത് മൂന്നേക്കറിൽ വ്യാപിച്ചുകിടക്കുന്ന മണിമന്ദിരത്തിന് ‘ദ്വാരക’ എന്നാണ് പേരിട്ടിരിക്കുന്നത്. വിശിഷ്ടമായ കൊത്തുപണികൾ, പ്രവേശനകവാടത്തിലെ ആനകളുടെ കൂറ്റൻ ശില്പം തുടങ്ങി രാജകീയ സൗകര്യങ്ങളോടുകൂടിയ കൊട്ടാരം വിദഗ്ധ ശിൽപികളുടെ മേൽനോട്ടത്തിൽ ഏഴുവർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു കൊട്ടാരത്തിന്റെ നിർമ്മാണം.

ദ്വാരകയുടെ നിർമാണച്ചെലവ് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം നടന്ന ഗൃഹപ്രവേശനച്ചടങ്ങിൽനിന്ന് ആനന്ദ് സിം​ഗ് മാധ്യമങ്ങളെ പൂർണമായും വിലക്കിയിരുന്നു. അടുത്ത ബന്ധുക്കളെയും കുടുംബാം​ഗങ്ങളെയും സുഹൃത്തുക്കളെയും മാത്രമാണ് ചടങ്ങിൽ ക്ഷണിച്ചിരുന്നത്.

ഡിസംബർ ഒന്നിനാണ് ദ്വാരകയിൽ വച്ച് മകൻ സിദ്ധാർഥിന്റെ വിവാഹം നടക്കുക. വിവാഹത്തിന് തന്റെ മണ്ഡ‍ലമായ വിജയനഗരത്തിലെ 50,000 വോട്ടർമാരെ ക്ഷണിച്ചത് വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്ന‌് കാണിച്ച് ബിജെപി വിമതസ്ഥാനാർത്ഥി കവിരാജ് അരസ്, സാമൂഹിക പ്രവർത്തകൻ ബിഎസ് ഗൗഡ എന്നിവർ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

ബെല്ലാരിയിലെ ഖനി വ്യവസായിയായ ആനന്ദ് സിം​ഗ് കഴിഞ്ഞ മന്ത്രിസഭയിൽ കോൺഗ്രസിന്റെ മന്ത്രിയായിരുന്നു. കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ പതനത്തിന് പിന്നാലെ  അയോഗ്യരാക്കപ്പെട്ട 17 എംഎൽഎമാരിൽ ഒരാളായിരുന്നു ആനന്ദ് സിം​ഗ്. പിന്നീട് ബിജെപിയിൽ ചേർന്ന അദ്ദേഹം ഉപതെരഞ്ഞെടുപ്പിൽ ഇക്കുറി ബെല്ലാരി ഹൊസ്‌പേട്ട് മണ്ഡലത്തിൽനിന്ന് ജനവിധി തേടുകയാണ്. ഡിസംബർ അഞ്ചിനാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുക. 
  

Follow Us:
Download App:
  • android
  • ios