ഓഫിസ് വളപ്പിൽ പശുക്കള്‍ ചത്തനിലയിൽ, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിജെപി സ്ഥാനാർഥി -വീഡിയോ
നയ്യാരുടേത് വിലകുറഞ്ഞ പബ്ലിസിറ്റ് സ്റ്റണ്ടാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പറഞ്ഞു.

ജയ്പൂർ: ഓഫിസ് പരിസരത്ത് രണ്ട് പശുക്കളും പശുക്കുട്ടിയും ചത്തതിനെ തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിജെപി സ്ഥാനാർഥി. രാജസ്ഥാനിലെ ആദർശ് നഗർ ബിജെപി സ്ഥാനാർഥിയാ രവി നയ്യാരാണ് മാധ്യമങ്ങൾക്ക് മുന്നിൽ നിയന്ത്രണം വിട്ട് കരഞ്ഞത്. പശുക്കൾ ചത്തതിൽ എതിർ സ്ഥാനാർഥിയായ റഫീഖ് ഖാനെ കുറ്റപ്പെടുത്തുകയും ഗൂഢാലോചന ആരോപിക്കുകയും ചെയ്തു. വിഷയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ നയ്യാരുടേത് വിലകുറഞ്ഞ പബ്ലിസിറ്റ് സ്റ്റണ്ടാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പറഞ്ഞു.
പശുക്കൾ ചത്തതിന് ശേഷവും നയ്യാർ തന്റെ പ്രചാരണം തുടർന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. തുടർന്നാണ് നയ്യാർ ആരോപണങ്ങളുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. രാവിലെ രണ്ട് പശുക്കളെയും ഒരു പശുക്കിടാവിനെയും ചത്ത നിലയിൽ കണ്ടു. തന്നെ ആളുകൾ 'ഗൗ സേവക്' എന്ന് പുകഴ്ത്തിയിരുന്നു, അത് എന്റെ എതിരാളിയായ കോൺഗ്രസ് പാർട്ടിയിലെ റഫീക്ക് ഖാന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. പശുക്കളുടെ മരണങ്ങൾക്ക് പിന്നിൽ അയാളാണെന്ന് കരുതുന്നു. പശുക്കളെ കൊല്ലുന്നതിന് പകരം അവർക്ക് എന്നെ വെടിവെക്കാമായിരുന്നു. പക്ഷേ അവർ എങ്ങനെയാണ് പശുക്കളെ കൊന്നതെന്നും നയ്യാർ ചോദിച്ചു. വാർത്താസമ്മേളനത്തിനിടെയാണ് ഇദ്ദേഹം പൊട്ടിക്കരഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മോട്ടി ദുംഗ്രി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും മെഡിക്കൽ ബോർഡ് പശുക്കളുടെ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹവാമഹൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ബൽമുകുന്ദ് ആചാര്യയും നയ്യാർക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് സ്ഥാനാർഥി റഫീഖ് ഖാനും രംഗത്തെത്തി. പശുക്കൾ രാവിലെ ചത്തു. പ്രചാരണത്തിന്റെ ഭാഗമായി നയ്യാർ ഉച്ചവരെ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരെ വിളിച്ച് കരയാൻ തുടങ്ങി. ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് തന്റെയും അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. രാത്രി ക്ഷേത്രങ്ങൾ പൂട്ടിയിട്ടുണ്ടെന്നും കന്നുകാലികളെ വീടുകളിൽ സുരക്ഷിതമായിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ജനങ്ങളോട് അഭ്യർഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി പ്രവർത്തകർക്ക് ക്ഷേത്രങ്ങൾ തകർക്കാനും പശുക്കളെ കൊല്ലാനും സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.