ചെന്നൈ: തമിഴ്‍നാട്ടില്‍ പൊങ്കൽ ആഘോഷം രാഷ്ട്രീയ പ്രചാരണ വേദിയാക്കി  കോൺഗ്രസും ബിജെപിയും.  മധുരയിലെ ജെല്ലിക്കെട്ട് വേദിയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പ്രചാരണത്തിന് തുടക്കമായി. തമിഴ് സംസ്കാരം അപ്രസക്തമാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മധുര ആവണിയാപുരം ജെല്ലിക്കെട്ടില്‍ ഉദയനിധി സ്റ്റാലിനൊപ്പം വേദി പങ്കിട്ടാണ് രാഹുല്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. 

കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും ജെല്ലിക്കെട്ടിനെത്തി. രാഹുല്‍ ഗാന്ധി വേദിയിലിരിക്കേ ജെല്ലിക്കെട്ടില്‍ പങ്കെടുത്തവര്‍ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചു. കരിങ്കൊടി ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റി.

നമ്മ ഊരു പൊങ്കല്‍ എന്ന പേരിലാണ് ബിജെപിയുടെ ആഘോഷം. ജെ പി നദ്ദയെ തന്നെ ബിജെപി  നേരിട്ട് രംഗത്തിറക്കി. പ്രധാനമന്ത്രി ട്വിറ്ററിലൂടെ പൊങ്കല്‍ ആശംസ നേര്‍ന്നു. മധുരവയലില്‍ 1500 അടുപ്പുകളില്‍ ജെ പി നദ്ദയുടെ നേതൃത്വത്തില്‍ പൊങ്കല്‍ തയാറാക്കി. നമിത, ഖുശ്ബു അടക്കമുള്ള താരങ്ങള്‍ വീടുകള്‍ കയറി കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകനയങ്ങള്‍ വിശദീകരിച്ചാണ് ആശംസ അറിയിച്ചത്.