ആരോഗ്യമേഖലയും സമ്പദ് വ്യവസ്ഥയും തമ്മിലെ തെരഞ്ഞെടുപ്പിൽ അമേരിക്കക്ക് ഇപ്പോഴും വ്യക്തതയില്ല. എന്നാൽ മനുഷ്യജീവനാണ് പ്രധാനമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും നഡ്ഡ പറഞ്ഞു
ദില്ലി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയാണ് ട്രംപിന്റെ തോൽവിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കൊവിഡ് സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ എന്ന ധീരമായ തീരുമാനമെടുത്തു. ആരോഗ്യമേഖലയും സമ്പദ് വ്യവസ്ഥയും തമ്മിലെ തെരഞ്ഞെടുപ്പിൽ അമേരിക്കക്ക് ഇപ്പോഴും വ്യക്തതയില്ല. എന്നാൽ മനുഷ്യജീവനാണ് പ്രധാനമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും നഡ്ഡ പറഞ്ഞു.
ഉത്തരാഖണ്ഡിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പരാജയം അംഗീകരിക്കാൻ ഡൊണാൾഡ് ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. നിയമപോരാട്ടവുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം. വോട്ടെടുപ്പിൽ അട്ടിമറി നടന്നുവെന്നാണ് ആരോപണം ഉന്നയിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഭൂരിഭാഗം റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ്. അതേസമയം ജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ്.
