ദില്ലി: ഷഹീന്‍ ബാഗ് സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജറിനെ പാര്‍ട്ടിയില്‍ ചേര്‍ത്ത് മണിക്കൂറുകള്‍ക്കകം ബിജെപി പുറത്താക്കി. ബുധനാഴ്ച രാവിലെയാണ് ബിജെപി ഗാസിയാബാദ് യൂണിറ്റ് കപില്‍ ഗുജ്ജറിന് അംഗത്വം നല്‍കിയത്. സിഎഎ വിരുദ്ധ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് ഗുജ്ജറാണെന്ന കാര്യം അറിയാതെയാണ് അംഗത്വം നല്‍കിയതെന്നാണ് ബിജെപിയുടെ വിശദീകരണം. ഫെബ്രുവരി ഒന്നിനാണ് ദില്ലിയിലെ ഷഹീന്‍ ബാഗില്‍ നടന്ന സിഎഎ വിരുദ്ധ സമരത്തിന് നേരെയാണ് കപില്‍ ഗുജ്ജര്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് രണ്ട് തവണ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇയാളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ബിജെപിയില്‍ ചേരാന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്ന് ഗുജ്ജര്‍ അംഗത്വം സ്വീകരിച്ചതിന് ശേഷം പറഞ്ഞിരുന്നു.താനും പിതാവും ആംആദ്മി പാര്‍ട്ടി അംഗങ്ങള്‍ ആണെന്നായിരുന്നു പിടിക്കപ്പെട്ടപ്പോള്‍ ഗുജ്ജര്‍ അവകാശപ്പെട്ടത്. എന്നാല്‍ ആംആദ്മി പാര്‍ട്ടിയും കുടുംബവും ഇത് നിഷേധിച്ചിരുന്നു.