ദില്ലി: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമെന്ന സേന എൻസിപി കോൺഗ്രസ് സഖ്യത്തിന്‍റെ ആവശ്യം അടിയന്തരമായി പരിഗണിക്കാതെ സുപ്രീംകോടതി. കേസിൽ നാളെ വീണ്ടും വാദം തുടരുമെന്നാണ് സുപ്രീംകോടതി നിലപാട്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങൾക്ക് ബിജെപിക്ക് മുന്നിൽ കൂടുതൽ സമയവും സാവകാശവും ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

മഹാരാഷ്ട്രയിൽ അജിത് പവാറിനെ കൂട്ടു പിടിച്ച്  ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയും ബിജെപിയുടെ സർക്കാർ രൂപീകരണ നീക്കങ്ങളും അതിന് ഗവര്‍ണര്‍ നൽകിയ ഒത്താശയും ചോദ്യം ചെയ്താണ് സേന എൻസിപി കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. പ്രഗത്ഭരായ അഭിഭാഷകരുടെ നീണ്ട നിരയാണ് സുപ്രീംകോടതിയിൽ വാദത്തിനായി അണിനിരന്നത്. ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയിൽ വാദം കേട്ടത് .

രാഷ്ട്രപതി ഭരണം പിൻവലിച്ചതും ദേവേന്ദ്ര ഫഡ്നാവിസിന്‍റെ സത്യ പ്രതിജ്ഞക്ക് സാഹചര്യമൊരുക്കാൻ ഗവര്‍ണറുടെ നേതൃത്വത്തിൽ നടന്ന ചട്ടലംഘനങ്ങളും അടക്കമുള്ള കാര്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. ഗവര്‍ണറുടെ നടപടി വഞ്ചനാപരവും നിയമവിരുദ്ധവും പക്ഷപാതപരവുമാണ് എന്ന് സിബൽ പറഞ്ഞു. ഗവര്‍ണറുടെ നടപടിയിലെ ചട്ടലംഘനം പരിഗണനാ വിഷയം അല്ലെന്നായിരുന്നു  ജസ്റ്റിസ് എൻവി രമണയുടെ മറുപടി. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമോ വേണ്ടയോ എന്ന കാര്യത്തിലേക്ക് വാദപ്രതിവാദങ്ങൾ മാറുകയായിരുന്നു. 

കുതിരക്കച്ചവടത്തിന് സാഹചര്യം ഒരുക്കരുതെന്നും ഇന്ന് തന്നെ ഭൂരിപക്ഷം തെളിയിക്കാൻ നിര്‍ദ്ദേശിക്കണമെന്നും സേന എൻസിപി കോൺഗ്രസ് സഖ്യം കോടതിയിൽ ആവശ്യപ്പെട്ടു, ദേവേന്ദ്ര ഫ‍്നാവിസ് ഹാജരാക്കിയ പിന്തുണ കത്ത് പോലും ഗവര്‍ണര്‍ പരിശോധിച്ചില്ലെന്ന് എൻസിപിക്കും കോൺഗ്രസിനും വേണ്ടി മനു അഭിഷേക് സിംഗ്‍വി പറഞ്ഞു. ബിജെപിക്കൊപ്പം നിൽക്കുന്ന അജിത് പവാറിന് എൻസിപിയുടെ പിന്തുണയില്ല,  നിയമസഭാ കക്ഷി നേതൃ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. അജിത് പവാര്‍ നൽകിയ കത്ത് നിയമ വിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മനു അഭിഷേക് സിംഗ്‍വി കോടതിയിൽ പറഞ്ഞു.

ബിജെപി എംഎൽഎമാര്‍ക്കും ചില സ്വതന്ത്ര എംഎൽഎമാര്‍ക്കും വേണ്ടിയാണ് വാദമെന്ന് പറഞ്ഞ മുകുൾ റോത്തഗി അടിയന്തരമായി ഞായറാഴ്ച കേസ് പരിഗണിക്കുന്നതെന്തിനാണെന്ന ചോദ്യം ഉന്നയിച്ചു. അത് ചീഫ് ജസ്റ്റിസിന്‍റെ വിവേചന അധികാരത്തിൽ പെടുന്നതാണെന്നായിപുന്നു കോടതിയുടെ മറുപടി.  പറയുന്നതെല്ലാം  സാങ്കേതിക കാര്യങ്ങൾ മാത്രമാണല്ലോ എന്നും ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും അഭിഭാഷകരോട് കോടതി ചോദിച്ചു.

ഗവര്‍ണര്‍ക്ക് വേണ്ടിയാണ് ഹാജരാകുന്നതെന്ന് ആദ്യം പറഞ്ഞ തുഷാര്‍ മേത്തയും കേസിൽ അടിയന്തര പ്രാധാന്യം ഇല്ലെന്ന് വാദിച്ചു. പാർട്ടികൾ അല്ല വ്യക്തികൾ അനു സർക്കാർ രുപീകരിക്കുന്നത് , പാർട്ടികൾക്ക് മൗലികാവകാശം ഇല്ല. അതുകൊണ്ട് ഹർജി നിലനിൽക്കില്ലെന്നും തുഷാര്‍ മേത്ത കോടതിയിൽ പറ‍ഞ്ഞു. 

മുഖ്യമന്ത്രി ആകാൻ ഗവർണർക്ക് ആരെയും ക്ഷണിക്കാമെന്നും അത് ഗവര്‍ണറുടെ വിവേചന അധികാരമാണെന്നും മുകുൾ റോത്തഗിയും ആവര്‍ത്തിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ എത്ര സമയം വേണമെന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. ഗവർണറുടെ ഈ അവകാശത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല .ഗവർണറുടെ നടപടിക്ക് 361 ആം അനുച്ഛേദത്തിന്‍റെ പരിരക്ഷയുണ്ടെന്നായിരുന്നു വാദം. 

എന്നാൽ ഗവർണറുടെ അധികാരം സംബന്ധിച്ച കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ പ്രതികരണം. വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യം മാത്രമാണ് ഇപ്പോഴത്തെ വിഷയമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് ഏഴ് ദിവസം സമയമെന്തിനാണ് എന്ന ചോദ്യവും കോടതി ഉന്നയിച്ചു. 

ഗവര്‍ണര്‍ക്ക് മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന മുകുൾ റോത്തഗി ആവശ്യപ്പെട്ടു. സഭ വിളിച്ചു ചേർത്ത് വിശ്വസ വോട്ടെടുപ്പ് നടത്താൻ ഗവർണറോട് പറയാൻ കോടതിക്ക് അധികാരം ഇല്ല. സുപ്രിം കോടതി നിയമ സഭയുടെയും നിയമ സഭ കോടതിയുടെയും അധികാരം മാനിക്കണം. അതിനാൽ ഇത്ര ദിവസത്തിനുള്ളിൽ വിശ്വസ വോട്ടെടുപ്പ് നടത്തണം എന്ന്  നിര്‍ദ്ദേശിക്കരുതെന്നും റോത്തഗി ആവശ്യപ്പെട്ടു.

അതിനിടെ ആദ്യം ഗവര്‍ണര്‍ക്ക് വേണ്ടി വാദിച്ച് തുടങ്ങിയ തുഷാര്‍ മേത്ത പിന്നീട് കേന്ദ്രസര്‍ക്കാരിന് വേണ്ടിയാണ് വാദം എന്ന് തിരുത്തി പറയുകയും ചെയ്തു. രേഖകൾ പരിശോധിക്കാൻ സമയം വേണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ രൂപീകരണ തീരുമാനത്തിന് ആധാരമായ രണ്ട് കത്തുകൾ നാളെ ഹാജരാക്കാണമെന്ന് കോടതി ഉത്തരവിട്ടു. കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കും. 

നേരത്തെയും കര്‍ണാടക കേസിലും യഥാര്‍ത്ഥത്തിലുള്ള കത്ത് പരിശോധിച്ചപ്പോൾ മാത്രമാണ് കാര്യങ്ങൾ കോടതിക്ക് ബോധ്യമായത്. ദേവേന്ദ്ര ഫഡ്നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് നൽകിയ കത്തും സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ കത്തും കോടതി പരിശോധിക്കും.  എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെട്ട് അജിത് പവാര്‍ നൽകിയ കത്തിന്‍റെ സാധുതയും കൂടി വിലയിരുത്തിയാകും തീരുമാനം