Maharashtra : മാര്‍ച്ചോടുകൂടി മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍; വെടിപൊട്ടിച്ച് കേന്ദ്രമന്ത്രി
നിലവിലെ സര്‍ക്കാറിനെ തകര്‍ക്കുമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചില കാര്യങ്ങള്‍ ഇപ്പോള്‍ രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമാണ് ഭരിക്കുന്നത്.

ജയ്പുര്‍: മഹാരാഷ്ട്ര (Maharashtra) രാഷ്ട്രീയത്തില്‍ പുതിയ ബോംബ് പൊട്ടിച്ച് കേന്ദ്രമന്ത്രി നാരായണ്‍ റാണെ(Narayan Rane). അടുത്ത മാര്‍ച്ചില്‍, നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷ മുമ്പ് സംസ്ഥാനത്ത് ബിജെപി (BJP) അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അടുത്ത മാര്‍ച്ചില്‍ മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് റാണെ പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സര്‍ക്കാറിനെ തകര്‍ക്കുമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചില കാര്യങ്ങള്‍ ഇപ്പോള്‍ രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമാണ് ഭരിക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അടിക്കണമെന്ന് പരസ്യമായി പറഞ്ഞതിന് നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഒരു കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. 2019ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായിട്ടാണ് ബിജെപിയും ശിവസേനയും മത്സരിച്ചതെങ്കിലും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകാത്തതോടെ സഖ്യം പിരിഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപി അധികാരത്തില്‍ നിന്ന് പുറത്തായി. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുകയും ചെയ്തു.