Asianet News MalayalamAsianet News Malayalam

സവര്‍ക്കര്‍ക്ക് ഭാരത്‍രത്ന നല്‍കുമെന്ന് ബിജെപി പ്രകടനപത്രിക; വിവാദം കത്തുന്നു

  • പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ  രംഗത്ത്
  • മഹാത്മാ ഗാന്ധിയോടുള്ള അവഹേളനമാണിതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി
  • ബ്രിട്ടന്‍റെ സേവകനെന്ന് സ്വയം വിശഷിപ്പിച്ചയാളാണ് സവർക്കറെന്ന് ഒവൈസി
bjp include will nominate vd savarkar for bharat ratna in election manifesto
Author
Mumbai, First Published Oct 15, 2019, 7:51 PM IST

മുംബൈ: ആർഎസ്എസ് സൈദ്ധാന്തികൻ വി ഡി സവർക്കർക്ക് ഭാരതരത്ന പുരസ്കാരം നൽകാനായി ശുപാർശ ചെയ്യുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനത്തിൽ മഹാരാഷ്ട്രയിൽ വിവാദം കൊഴുക്കുന്നു. പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. മഹാത്മാ ഗാന്ധിയോടുള്ള അവഹേളനമാണിതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

സംസ്ഥാനത്ത് ഒരു കോടി തൊഴിലവസരങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍, ഭവനരഹിതര്‍ക്കെല്ലാം 2022-ഓടെ വീട് , അടിസ്ഥാനസൗകര്യ വികസനത്തിനായി അഞ്ചുലക്ഷം കോടി രൂപയുടെ നിക്ഷേപം എന്നിങ്ങനെ വമ്പൻ വാഗ്ദാനങ്ങളാണ് മഹാരാഷട്രയിൽ ബിജെപി പ്രകടന പത്രികയിലുള്ളത്.

അതിനൊപ്പമായിരുന്നു വി ഡി സവർക്കർക്കും സാമൂഹ്യ പരിഷ്കർത്താക്കളായ മഹാത്മ ഫൂലെ, സാവിത്രിഭായി ഫൂലെ  എന്നിവർക്കും ഭാരതരത്ന പുരസ്കാരത്തിന് ശുപാർശ നൽകാനുള്ള പ്രഖ്യാപനവും. നാസിക്കിൽ ജനിച്ച സവർക്കർക്കായുള്ള ശുപാർശ മഹാരാഷ്ട്രക്കാർക്കുള്ള അംഗീകാരം കൂടിയായാണ് ബിജെപി ഉയർത്തിക്കാട്ടിയത്.

എന്നാൽ, ഗാന്ധിവധത്തിൽ വിചാരണ നേരിട്ടയാളെയാണ് രാജ്യത്തെ പരമോന്നത പുരസ്കാരത്തിന് പരിഗണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി വിമർശിച്ചു. സവർക്കറുടെ പങ്ക് എന്താണെന്ന് ഗാന്ധിവധം അന്വേഷിച്ച ജീവൻലാൽ കപൂർ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ടെന്നും തിവാരി വിമർശിച്ചു.

പിന്നാലെ മജ്‍ലിസ് പാർട്ടി നേതാവ് അസാദുദ്ദീൻ ഒവൈസിയും ബിജെപി വാഗ്ദാനത്തിനെതിരെ രംഗത്തെത്തി. ബ്രിട്ടന്‍റെ സേവകനെന്ന് സ്വയം വിശേഷിപ്പിച്ചയാളാണ് സവർക്കറെന്നായിരുന്നു പരിഹാസം. പ്രതിപക്ഷത്തിന്‍റെ വിമശനങ്ങളോട്  ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios