ചെന്നൈ: കരുണാനിധിയുടെ മകൻ എം കെ അളഗിരി എൻഡിഎയിലേക്ക്. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അളഗിരി പുതിയ പാർട്ടി പ്രഖ്യാപനത്തിന് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിന് മുന്നോടിയായി രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്ക് ബിജെപി സമയം തേടി.

തമിഴകം പിടിക്കാൻ നിർണായക കരുനീക്കങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് ബിജെപി. കലൈഞ്ജറുടെ മകനെ തന്നെ പാളയത്തിൽ എത്തിക്കാനാണ് നീക്കം. മധുരയിൽ അളഗിരിയുടെ വസതിയിൽ എത്തിയാണ് ബിജെപി നേതാക്കൾ ഇന്ന് ചർച്ച നടത്തിയത്. ബിജെപി കേന്ദ്ര നേതൃത്വവും ഫോണിൽ അളഗിരിയുമായി സംസാരിച്ചു. മകൻ ദയാനിധി അളഗിരിയെ മുൻനിർത്തി പുതിയ പാർട്ടി പ്രഖ്യാപനം നടത്താനാണ് ധാരണ. 

ശനിയാഴ്ച ചെന്നൈയിലെത്തി അമിത് ഷായുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം എൻഡിഎ സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മധുരയിൽ ശക്തമായ സ്വാധീനമുള്ള അളഗിരിയെ പാർട്ടി വിരുദ്ധ നീക്കങ്ങളുടെ പേരിൽ 2014ൽ ഡിഎംകെയിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ സ്റ്റാലിൻ്റെ നേതൃത്വത്തിനെതിരെ പരസ്യമായി അളഗിരി രംഗത്തെത്തുകയും ചെയ്തു.

മുൻ കേന്ദ്ര മന്ത്രിയും ഡിഎംകെയുടെ ദക്ഷിണ മേഖലാ ചുമതലയുമുണ്ടായിരുന്ന നേതാവിനെ ഒപ്പമെത്തിക്കുന്നത് ഡിഎംകെയുടെ വോട്ടുചോർച്ചയ്ക്ക് വഴിവയ്ക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്നാൽ അളഗിരിയുടെ സ്വാധീനം നഷ്ടപ്പെട്ടെന്നും ബിജെപി നീക്കം വിലപ്പോവില്ലെന്നുമുള്ള നിലപാടിലാണ്  ഡിഎംകെ. 

ഇതിനിടെ സഖ്യസാധ്യതകൾ ചർച്ച ചെയ്യാൻ രജനീകാന്തുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് ആർഎസ്എസ് സമയം തേടി. ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയുടെ നേതൃത്വത്തിലാണ് ചർച്ചയ്ക്ക് ശ്രമം. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറാനുള്ള തീരുമാനം മാറ്റണമെന്ന് ആർഎസ്എസ് താരത്തോട് ആവശ്യപ്പെട്ടിരുന്നു. വേൽ യാത്ര ഉൾപ്പടെ ഹിന്ദുത്വ അജൻഡയിലൂന്നിയുള്ള വ്യാപക പ്രചാരണങ്ങൾ ബിജെപി തുടരുന്നതിന് പിന്നാലെയാണ് പുതിയ സഖ്യ ചർച്ചകൾ.