സിംഗപ്പൂരിൽ വെച്ച് നടന്ന ശസ്ത്രക്രിയയിൽ ലാലുപ്രസാദ് യാദവിന് വൃക്ക നൽകിയത് മകൾ രോഹിണിയാണ്. ഇരുവരും ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു എന്ന് യാദവ് കുടുംബം വ്യക്തമാക്കി.
ദില്ലി: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം. സിംഗപ്പൂരിൽ വെച്ച് നടന്ന ശസ്ത്രക്രിയയിൽ ലാലുപ്രസാദ് യാദവിന് വൃക്ക നൽകിയത് മകൾ രോഹിണിയാണ്. ഇരുവരും ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു എന്ന് യാദവ് കുടുംബം വ്യക്തമാക്കി. ലാലു പ്രസാദ് യാദവിന്റെ കടുത്ത വിമർശകനായ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ഉൾപ്പെടെയുള്ളവരാണ് രോഹിണിയെ പ്രശംസിച്ച് രംഗത്തെത്തിയത്. "രോഹിണി ആചാര്യ ഉത്തമ മകളാണ്. നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു. ഭാവി തലമുറകൾക്ക് നിങ്ങൾ മാതൃകയാണ്," സിംഗ് ട്വീറ്റ് ചെയ്തു. ലാലു യാദവിന്റെ മൂത്തമകൾ മിസാ ഭാരതി ശസ്ത്രക്രിയക്ക് ശേഷമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
ഏറെക്കാലമായി വൃക്കസംബന്ധമായ അസുഖങ്ങളാൽ വലയുകയാണ് ലാലു. ഒക്ടോബറിൽ സിംഗപ്പൂർ സന്ദർശനത്തിനിടെയാണ് ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചത്. തുടർന്ന് ദാതാവിനെ അന്വേഷിക്കുന്നതിനിടെയാണ് മകൾ തന്നെ തന്റെ വൃക്കകളിലൊന്ന് പിതാവിന് നൽകാൻ സന്നദ്ധത അറിയിച്ചത്. മകളുടെ വൃക്ക സ്വീകരിക്കാൻ ആദ്യം ലാലു സമ്മതിച്ചില്ലെങ്കിലും കുടുംബാംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
സിംഗപ്പൂരിലാണ് ലാലുവിന്റെ രണ്ടാമത്തെ മകൾ രോഹിണി താമസിക്കുന്നത്. ചികിത്സ സിംഗപ്പൂരിലേക്ക് മാറ്റിയതും രോഹിണിയുടെ നിർബന്ധപ്രകാരമായിരുന്നു. വൃക്ക തകരാറിനെ തുടർന്ന് വർഷങ്ങളായി ദില്ലി എയിംസിൽ ചികിത്സയിലായിരുന്ന ലാലു പ്രസാദ് യാദവ്. വൃക്ക മാറ്റിവെക്കാൻ എയിംസിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നില്ല. സിംഗപ്പൂരിലാണ് രോഹിണി താമസിക്കുന്നതെങ്കിലും ബിഹാർ രാഷ്ട്രീയത്തിൽ ഇടപെടാറുണ്ട്. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് അവർ.
ലാലു പ്രസാദിന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
അച്ഛന്റെ മകൾ; ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്യാൻ രോഹിണി
