ദില്ലി: തന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ദില്ലി കലാപത്തെ ഡോണാള്‍ഡ് ട്രംപ് അപലപിക്കാത്തതിനെ വിമര്‍ശിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കെതിരെ ബിജെപി നേതാവ് ബി എല്‍ സന്തോഷ്.

"ഞങ്ങള്‍ എത്ര നിക്ഷപക്ഷമായിരിക്കാന് ആഗ്രഹിച്ചാലും, അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ താങ്കള്‍ ഞങ്ങളെ നിര്‍ബന്ധിക്കുകയാണ്. പറയുന്നതില്‍ ക്ഷമിക്കണം, താങ്കള്‍ ഞങ്ങളെ നിര്‍ബന്ധിക്കുകയാണ്," വിവാദമായപ്പോള്‍ ഡിലീറ്റ് ചെയ്ത ട്വീറ്റില്‍ ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എഴുതി. 

35 പേര് കൊല്ലപ്പെട്ട മുസ്ലിം വിരുദ്ധ കലാപം ഇന്ത്യയുടെ ആഭ്യന്തര വിഷയം എന്ന് ട്രംപ് പറഞ്ഞതിനെതിരെ അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശകന്‍ കൂടിയായ ബെര്‍ണി സാന്റേഴ്സ് ട്വീറ്റ് ചെയ്തിരുന്നു. 

ട്രംപിനെ തെരഞ്ഞെടുക്കാന് റഷ്യ 2016 അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്ന് ആരോപണം ഇപ്പോഴും ശക്തമായി നിലനില്ക്കെയാണ് ബിജെപി നേതാവിന്‍റെ പ്രസ്താവന. ഇന്ത്യയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദില്ലി കലാപത്തെ കുറിച്ച് ഉയര്‍ന്ന ചോദ്യത്തോട് അത് ഇന്ത്യയുടെ അഭ്യന്തര വിഷയമാണെന്ന മറുപടിയാണ് ട്രംപ് പറഞ്ഞത്.

ഇന്ത്യയിലെ മുസ്ലീങ്ങളോട് വിവേചനമില്ലെന്ന് മോദി പറഞ്ഞു എന്ന് ട്രംപ് വിശദീകരിച്ചു. 20 കോടി മുസ്ലീങ്ങളാണ് ഇന്ത്യയിലുള്ളത്. ന്യുനപക്ഷങ്ങളെ പരിഗണിക്കുന്ന ഭരണാധികാരിയാണ് മോദിയെന്നും ട്രംപ് വിശദീകരിച്ചു.   രണ്ട് തവണയാണ് പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തിൽ ചോദ്യം ഉയര്‍ന്നത്.  രണ്ട് തവണയും ട്രംപ് ഒഴിഞ്ഞുമാറി.