ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വ്യക്തപരമായി ആക്രമിച്ച്  സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ. ആർ‌എസ്‌എസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ പേരുകൾ അനാവശ്യമായി ഉച്ചരിക്കുകയല്ലാതെ മറ്റൊരു ജോലിയും മുഖ്യമന്ത്രിക്കില്ലെന്ന് സതീഷ് പൂനിയ പറഞ്ഞു.

സംസ്ഥാനത്ത് കോൺഗ്രസിൽ ഭിന്നത ഉള്ളതിനാൽ ഗെലോട്ടിന് തന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമുണ്ട്. അതിനാൽ അദ്ദേഹം നല്ലൊരു ഡോക്ടറെ പോയി കാണണമെന്ന് താൻ ആവശ്യപ്പെടുന്നതായും സതീഷ് പൂനിയ പത്രക്കുറിപ്പിൽ പറഞ്ഞു. കോൺ​ഗ്രസിന്റെ ഭരണത്തിൽ സംസ്ഥാനത്ത് യാതൊരു വികസനവും ഇല്ല. തന്റെ പരാജയം മറച്ചുവെക്കുന്നതിനായിട്ടാണ് ആർ‌എസ്‌എസിനും ബിജെപിക്കുമെതിരെ ​ഗെലോട്ട് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പൂനിയ കുറ്റപ്പെടുത്തി.

'മുഖ്യമന്ത്രിക്ക് ഹ്രസ്വകാല മറവി രോഗമാണ്. ഞാന്‍ അദ്ദേഹത്തിന് ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു പുസ്തകം സമ്മാനിച്ചിരുന്നു. പക്ഷേ ഇപ്പോൾ ആർ‌എസ്‌എസിനെതിരെ തെറ്റായ പ്രസ്താവനകൾ നടത്തുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായി മാറിയെന്ന് തോന്നുന്നു. സംസ്ഥാനത്തെ വികസനത്തിന് വേണ്ടി ഒരു ഇഷ്ടിക പോലും സർക്കാർ ഇട്ടിട്ടില്ല. പരാജയം മറച്ചുവെക്കാന്‍ പൊതുജനശ്രദ്ധ തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്'-സതീഷ് പൂനിയ ആരോപിക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആർഎസ്എസിന്റെയും മോദിയുടെയും പേരിൽ ​ഗെലോട്ടിന് ഭയം പിടികൂടിയിട്ടുണ്ട്. ജനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്ര​ദ്ധ നൽകാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്. ധര്‍മ്മപാല്‍ സുതര്‍ എന്ന കര്‍ഷകന്‍ എട്ട് ദിവസം മുമ്പാണ് ആത്മഹത്യ ചെയ്തത്.  ആ കര്‍ഷകനെപ്പോലുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക്  വേണ്ടി മുഖ്യമന്ത്രി സംസാരിക്കണമെന്നും സതീഷ് പൂനിയ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന ​ഗെലോട്ടിന്റെ പ്രഖ്യാപനം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് പൂനിയ കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമഭേദഗതിക്കെതിരെ അടുത്തിടെ നടന്ന സമാധാന മാര്‍ച്ചിലായിരുന്നു ഗെലോട്ടിന്റെ പ്രതികരണം. ഇതിന് മറുപടിയുമായാണ് പൂനിയ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.