മുംബൈ: ഛത്രപതി ശിവജിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്യുന്ന പുസ്തകത്തിനെതിരെ ബിജെപി നേതാവ് ഉദയൻരാജെ ഭോസ്ലെ. ഈ ലേകത്ത് ഛത്രപതി ശിവാജിയുമായി ആരേയും താരതമ്യം ചെയ്യാനാകില്ലെന്ന് ഉദയൻരാജെ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചേദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

'ശിവജി മഹാരാജിനെ മാത്രമേ ജനത രാജ (സ്വന്തം ജനങ്ങളെക്കുറിച്ച് എല്ലാം അറിയുന്ന രാജാവ്) എന്നു വിളിക്കാൻ സാധിക്കൂ. മറ്റാരെയെങ്കിലും അങ്ങനെ വിളിക്കുകയാണെങ്കിൽ അത് ശിവാജിയെ താഴ്ത്തിക്കെട്ടുന്നതിന് തുല്യമാകും' ഉദയൻരാജെ ഭോസ്ലെ പറഞ്ഞു.

ഒരു ജനത രാജയേ ഉള്ളൂ, അത് ഛത്രപതി ശിവജി മഹാരാജ് ആണ്. അതുകൊണ്ട് ഒരാളെ ജനത രാജ എന്ന് വിളിക്കുന്നതിന് മുമ്പ് ശരിക്കും ആലോചിക്കണമെന്നും ഉദയൻരാജെ പറഞ്ഞു. 'ആജ് കേ ശിവാജി: നരേന്ദ്ര മോദി' എന്ന പുസ്തകത്തിലാണ് ബിജെപി നേതാവ് ജയ് ഭഗവാന്‍ ഗോയല്‍ മോദിയെ ശിവജിയോട് താരതമ്യപ്പെടുത്തിയത്.  ഇതിനെതിരെ ശിവസേന, കോൺഗ്രസ്, എൻസിപി പാർട്ടികൾ രംഗത്തെത്തിയിരുന്നു. ദില്ലിയിലെ ബിജെപി ഓഫീസില്‍വച്ച് ഞായറാഴ്ചയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. 

Read Also: 'മോദിയുടെ ഭരണത്തില്‍ ഇന്ത്യന്‍ ജനത സുരക്ഷിതര്‍'; ശിവജിയുമായി താരതമ്യം ചെയ്തതിനെക്കുറിച്ച് ബിജെപി നേതാവ്

അതേസമയം, പുസ്തകം വിവാദമായതിനിടെ പ്രതികരണവുമായി ജയ് ഭഗവാന്‍ ഗോയല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അധികാരത്തിലെത്തിയ അന്നുമുതല്‍ മോദി യോദ്ധാവായ ശിവജിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതരാണെന്ന തോന്നലുണ്ടായെന്നുമാണ് ജയ് ഭഗവാന്‍ ഗോയല്‍ പറഞ്ഞത്.