മുംബൈ: ഛത്രപതി ശിവജിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത പുസ്തകം വിവാദമാകുന്നതിനിടെ ന്യായീകരണവുമായി പുസ്തകമെഴുതിയ ബിജെപി നേതാവ് ജയ് ഭഗവാന്‍ ഗോയല്‍. അധികാരത്തിലെത്തിയ അന്നുമുതല്‍ മോദി യോദ്ധാവായ ശിവജിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതരാണെന്ന തോന്നലുണ്ടായെന്നും  ജയ് ഭഗവാന്‍ ഗോയല്‍ പറഞ്ഞു. 

'ശിവജി മഹാരാജ് മഹാരാഷ്ട്രയുടെ മാത്രം വീരനായകനല്ല, മറിച്ച് രാജ്യത്തിന്‍റെ മുഴുവനുമാണ്. പ്രധാനമന്ത്രിയായതിന് ശേഷം മോദിയുടെ പ്രവൃത്തികള്‍ ശിവജിയുടേതിന് സമാനമാണ്. അദ്ദേഹം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നു'- ഗോയല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മോദി ഭരണത്തിന്‍ കീഴില്‍ ഇന്ത്യക്ക് ലോകരാജ്യങ്ങള്‍ക്കിടയില്‍ ബഹുമാനം നേടാനായെന്നും ഗോയല്‍ പറഞ്ഞു. 

 'ആജ് കേ ശിവാജി: നരേന്ദ്ര മോദി' എന്ന പുസ്തകത്തിലാണ് ജയ് ഭഗവാന്‍ ഗോയല്‍ മോദിയെ ശിവജിയോട് താരതമ്യപ്പെടുത്തിയത്.  ദില്ലിയിലെ ബിജെപി ഓഫീസില്‍വച്ച് ഞായറാഴ്ചയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. മോദിയെയും ശിവജിയെയും താരതമ്യം ചെയ്യുന്ന പുസ്തകത്തിനെതിരെ മഹാരാഷട്രയിലെ ഉദ്ദവ് താക്കറെ സർക്കാരും വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

Read More: മോദിയെ ശിവജിയുമായി താരതമ്യപ്പെടുത്തി: പുസ്തകം കയ്യിൽ കണ്ടാൽ ഗുരുതര പ്രത്യാഘാതമെന്ന് സഞ്ജയ് റാവത്ത്

ജയ് ഭഗവാന്‍ ഗോയൽ നേരത്തെ ദില്ലിയിൽവച്ച് മഹാരാഷ്ട്ര സാധൻ പ്രവർത്തകരെ ആക്രമിക്കുകയും മറാത്തി സംസാരിക്കുന്നവരെ അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. 'ലോകത്തിലെ ആരുമായും ഛത്രപതി ശിവജിയെ താരതമ്യം ചെയ്യാനാകില്ല. ഇവിടെ ഒരു സൂര്യനും ഒരു ചന്ദ്രനും ഒരു ശിവജി മഹാരാജാവും മാത്രമേ ഉള്ളൂ. അതാണ് ഛത്രപതി ശിവജി മഹാരാജാവ്', സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു.