കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കപില്‍ മിശ്രയ്ക്കും അനുരാഗ് താക്കൂറിനുമെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്നാരോപിച്ച് ബംഗാളി നടിയും ബിജെപി നേതാവുമായ സുഭദ്രാമുഖര്‍ജി പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നു.  ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് രാജി. വളരെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും പിന്നോട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2013ലാണ് സുഭദ്രാ മുഖര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നത്. 'ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായിട്ടാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ട്ടി ചെയ്യുന്നതൊന്നും ശരിയല്ല. വിദ്വേഷം നിറഞ്ഞതും മതത്തിന്‍റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതുമായ ആശയമാണ് ബിജെപി പ്രചരിപ്പിക്കുന്നത്-' സുഭദ്രാ മുഖര്‍ജി പറഞ്ഞു. കപില്‍ മിശ്രയെയും അനുരാഗ് താക്കൂറിനെയും പോലെയുള്ളവരുള്ള പാര്‍ട്ടിയില്‍നിന്നും വിട്ടുനില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി, 

ദില്ലിയിലെ സംഭവങ്ങള്‍ ഞാന്‍ നിരീക്ഷിക്കുകയായിരുന്നു. നിരവധിപ്പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വീടുകള്‍ കത്തിച്ചാമ്പലായി. എന്നിട്ടും വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രക്കും അനുരാഗ് താക്കൂറിനുമെതിരെ നടപടി സ്വീകരിച്ചില്ല. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്. കലാപത്തിന്റെ ദൃശ്യങ്ങള്‍ ഞെട്ടിച്ചു. നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ വിമുഖത കാണിക്കുന്ന പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അവര്‍ പറഞ്ഞു. രാജിക്കത്ത് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് അയച്ചു. പരിഗണിച്ചില്ലെങ്കില്‍ നേരിട്ട് അറിയിച്ച് രാജിവെക്കുമെന്നും സുഭദ്രാ മുഖര്‍ജി പറഞ്ഞു.